ലോകം അക്ഷമയോടെ കാത്തിരിക്കുന്ന പ്രഖ്യാപനം ഇന്നുണ്ടാകുമോ...നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന, പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ

Published : May 24, 2026, 06:15 AM IST
us iran mega deal pakistan mediator nuclear talks frozen funds sanctions relief uranium enrichment middle east crisis

Synopsis

ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. ആണവ വിഷയങ്ങളും ഉപരോധം നീക്കലും ചർച്ചയിലുണ്ടെങ്കിലും, കരാർ പരാജയപ്പെട്ടാൽ കനത്ത സൈനിക നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു. 

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന. ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന. അതുകൊണ്ടുതന്നെ ലോകം ഇന്ന് ഈ വിഷയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഹോർമുസ് തുറക്കുന്നതിലടക്കം പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഹോർമുസിന്റെ കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസി വ്യക്തമാക്കി.

ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഒരു അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്. ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് പൂർണ്ണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദ്ദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ, ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചർച്ചകളുടെ ഭാഗമാണ്. അതേസമയം ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും കരാർ ഒപ്പിടാതിരിക്കുകയും ചെയ്താൽ ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.

ആറ് ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തലിന് ശേഷം സമാധാന ശ്രമങ്ങളും സൈനിക ഭീഷണികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ശനിയാഴ്ച ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ടെലിഫോണിലൂടെ ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഈ കരാർ അംഗീകരിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കരാർ നടപ്പിലായാൽ അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ കൂടുതൽ വിശദമായ ചർച്ചകൾ നടക്കുമെന്നും സ്ഥിരമായ സമാധാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കരാർ ഒപ്പിട്ടില്ലെങ്കിൽ ഇറാന് മേൽ വലിയ തോതിലുള്ള വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30000 അടിയിൽ നിന്ന് പൊടുന്നനെ കൂപ്പുകുത്തി യാത്രാ വിമാനം, പൈലറ്റിന് ഹൃദയാഘാതം, മെയ്ഡേ സന്ദേശം, എമർജൻസി ലാൻഡിംഗ്
ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് വൻ തിരിച്ചടി, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുന്നതിനിടെ അഗ്നിഗോളമായി സ്റ്റാർഷിപ്പ്