
വാഷിംഗ്ടൺ: തങ്ങളുടെ ഏറ്റവും വലിയതും ശക്തിയേറിയതുമായ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിൽ സ്പേസ് എക്സിന് വൻ തിരിച്ചടി. പുതിയ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ശനിയാഴ്ച നടന്ന ഈ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്ഷേപണ വാഹനം തീഗോളമായി മാറിയത്. സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആറാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി അന്തരീക്ഷത്തിലൂടെ തിരികെ ഇറങ്ങുന്ന ഘട്ടം വരെ എല്ലാം ആസൂത്രണം ചെയ്തതുപോലെയാണ് നടന്നത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ നിശ്ചിത സ്ഥാനത്ത് പതുക്കെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു.
റോക്കറ്റിൽ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ കത്തിയമരുന്നത് വ്യക്തമായി കാണാം. ഈ സ്ഫോടനം ഒരു പരാജയമായല്ല മറിച്ച് പരീക്ഷണത്തിന്റെ ഭാഗമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്. റോക്കറ്റിന്റെ ലാൻഡിംഗ് കപ്പാസിറ്റിയും അതിന്റെ താപ പ്രതിരോധ കവചങ്ങളും എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മുൻപത്തെ പരീക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെ റോക്കറ്റ് കടന്നുപോയെന്നും ലഭിച്ച വിവരങ്ങൾ ഭാവിയിലെ ദൗത്യങ്ങൾക്ക് വലിയ ഗുണമുണ്ടാക്കുമെന്നും സ്പേസ് എക്സ് വക്താക്കൾ അറിയിക്കുന്നത്. മനുഷ്യനെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്റ്റാർഷിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam