സ്വവർഗാനുരാഗിയെന്ന് സ്വയം വിശേഷിപ്പിച്ച ഇസ്ലാം പണ്ഡിതൻ വെടിയേറ്റ് മരിച്ചു

Published : Feb 16, 2025, 02:22 PM IST
സ്വവർഗാനുരാഗിയെന്ന് സ്വയം വിശേഷിപ്പിച്ച ഇസ്ലാം പണ്ഡിതൻ വെടിയേറ്റ് മരിച്ചു

Synopsis

ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.

കേപ്ടൌൺ: സ്വവർഗാനുരാഗിയെന്ന് സ്വയം വിശേഷിപ്പിച്ച ഇമാം മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണ ആഫ്രിക്കയിലെ  ഖെബേഹയില്‍ വച്ചാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സ്വവർഗാനുരാഗികൾക്ക് സുരക്ഷിതമെന്ന് വിശദമാക്കി മോസ്ക് നടത്തിയിരുന്ന ഇമാമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച കാറിൽ സഞ്ചരിക്കുന്നതിന്റെ ഇടയിലാണ് വെടിവയ്പുണ്ടായത്. മുഖം മൂടി ധാരികളായ രണ്ട് പേർ ഇമാം മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സിനെതിരെ വെടിയുതിർത്ത ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമും ഇസ്ലാമിക പണ്ഡിതനും എല്‍ജിബിടിക്യൂ പ്രവര്‍ത്തകനുമായിരുന്നു മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.

ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇസ്ലാം പണ്ഡിതൻ ആണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കും സുരക്ഷിത താവളമെന്ന നിലയില്‍ ഇന്നർ സർക്കിൾ എന്ന സംഘടനയ്ക്കും മോസ്കിനും മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് രൂപം നല്‍കിയിരുന്നു. ഒട്ടേറെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ക്വീര്‍ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്‌സ് സംഘടനകള്‍ ഇമാമിന്റെ കൊലപാതകത്തെ രൂക്ഷമായി അപലപിച്ചു. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്സിന്റെ നിലവിലെ ജീവിത പങ്കാളി. 11 വര്‍ഷമായി ഇവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേപ് ടൗണിൽ ജനിച്ച മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് പാകിസ്താനിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സിന് രണ്ട് മക്കളുണ്ട്. എന്നാൽ 1996 ല്‍ മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വിവാഹമോചിതനായി. പിന്നാലെയാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് കടുത്ത വേര്‍തിരിവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നു. അറബി ഭാഷ പഠിപ്പിച്ചും ഫാഷൻ ഡിസൈനിംഗ് രംഗത്തും സജീവമായിരുന്നു മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍