ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കറുത്ത കാണ്ടാമൃ​ഗം 'ഫോസ്റ്റ' ചത്തു

By Web TeamFirst Published Dec 30, 2019, 9:24 AM IST
Highlights

മൂന്നോ നാലോ വയസ്സ് പ്രായമുള്ളപ്പോഴാണ് 1965-ൽ ഒരു ശാസ്ത്രജ്ഞന്‍ ഈ കാണ്ടാമൃഗത്തെ എൻഗോറോംഗോറോയില്‍വെച്ച് കണ്ടെത്തുന്നത്. ചെന്നായകളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ഫോസ്റ്റയെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.

ടാന്‍സാനിയ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കറുത്ത പെണ്‍ കാണ്ടാമൃഗം ഫോസ്റ്റ ചത്തു. ടാൻസാനിയയിലെ എൻഗോറോംഗോറോ സംരക്ഷിത മേഖലയിലാണ് 57 വയസ്സുള്ള പെണ്‍ കാണ്ടാമൃഗത്തെ സംരക്ഷിച്ചു പോന്നിരുന്നത്. 'ലോകത്തിലെ ഏതൊരു കാണ്ടാമൃഗത്തേക്കാളും കൂടുതൽ കാലം ഫോസ്റ്റ ജീവിച്ചിരുന്നതായി വന്യജീവി സങ്കേതത്തിലെ അധികൃതര്‍ പറയുന്നു. 2016-ലാണ് ഫോസ്റ്റയെ എൻ​ഗോറോം​ഗോറോയിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മൂന്നോ നാലോ വയസ്സ് പ്രായമുള്ളപ്പോഴാണ് 1965-ൽ ഒരു ശാസ്ത്രജ്ഞന്‍ ഈ കാണ്ടാമൃഗത്തെ  കണ്ടെത്തുന്നത്. ചെന്നായകളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ഫോസ്റ്റയെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് ദിവസംതോറും ഫോസ്റ്റയുടെ ആരോഗ്യനില മോശമായി വരികയായിരുന്നു.

55 വയസ്സുണ്ടായിരുന്ന സനാ എന്ന കാണ്ടാമൃഗമാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വെളുത്ത കാണ്ടാമൃഗമായി കണക്കാക്കിയിരുന്നത്. 2017 ൽ ഫ്രാൻസിലെ പ്ലാനേറ്റ് സാവേജ് സുവോളജിക്കൽ പാർക്കില്‍വെച്ചാണ് സന ചത്തത്. കാണ്ടാമൃഗങ്ങളുടെ ആയുർദൈർഘ്യം 40 വയസ്സുവരെ ആയിരിക്കുമെന്ന് എൻഗോറോംഗോറോ കൺസർവേഷൻ ഏരിയയിലെ അധികൃതര്‍ പറയുന്നു. എന്നാല്‍ വന്യജീവി സങ്കേതങ്ങളില്‍ പാര്‍പ്പിക്കുകയാണെങ്കില്‍ 50 വയസ്സിനു മുകളിൽ അവര്‍ക്ക് ജീവിക്കാൻ കഴിയും. സേവ് ദ് റിനോ യുടെ കണക്കനുസരിച്ച് കറുത്ത കാണ്ടാമൃ​ഗങ്ങളുടെ എണ്ണം 5500 ആണ്. കെനിയ, ടാൻസാനിയ, നമീബിയ, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 
 

click me!