
പാരീസ്: റഷ്യന്‍ (Russia) നിലപാട് കടുപ്പിച്ച് തന്നെ പുടിന്‍ മുന്നോട്ട് പോകുന്നതിനാല്‍ സമാധാന ശ്രമങ്ങളില്‍ ഇനി പ്രതീക്ഷയില്ലെന്ന് ഫ്രാന്‍സ് (France). റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനുമായി (Vladimir Putin) ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍ ( Emmanuel Macron) നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സിന്‍റെ പ്രതികരണം. യുക്രൈന്‍റെ (Ukraine) നിരായുധീകരണം എന്ന നിലപാടില്‍ പുടിന്‍ ചര്‍ച്ചയില്‍ ഉടനീളം ഉറച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കടുത്ത നിലപാട് തന്നെ സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചപ്പോഴും പുടിന്‍ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
90 മിനുട്ടോളം റഷ്യന്‍ പ്രസിഡന്‍റും, ഫ്രഞ്ച് പ്രസിഡന്‍റും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുടിന്‍റെ മറുപടികളില്‍ ക്ഷുഭിതനായ പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണ്‍, 'നിങ്ങള്‍ നിങ്ങളോട് തന്നെ നുണ പറയുന്നു' എന്ന് പുടിനോട് ക്ഷോഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം യുക്രൈന്‍ ജനതയും, റഷ്യന്‍ ജനതയും രണ്ടല്ല എന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഏറ്റവും മോശം കാര്യങ്ങളാണ് വരാനിരിക്കുന്നത് എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിന്‍റെ ചര്‍ച്ചയ്ക്ക് ശേഷമുള്ള പ്രതികരണം.
ഒരടി പിന്നോട്ടില്ല', മക്രോണിനോട് പുടിൻ
റഷ്യയ്ക്ക് മേൽ ലോകരാജ്യങ്ങൾ പലതും, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോഴും പുടിൻ ഒരടി പോലും പുറകോട്ടില്ലെന്ന് ഉറപ്പാവുകയാണ്. യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കും എന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ ഒന്നരമണിക്കൂർ നീണ്ട ചർച്ചയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയത്. യുക്രൈനിലെ സൈനികസംവിധാനം അവസാനിപ്പിക്കുക, റഷ്യയോടും നാറ്റോയോടും വിധേയത്വമില്ലാതെ നിലനിർത്തുക എന്നിവയാണ് ലക്ഷ്യമെന്നും, അത് നിറവേറ്റുമെന്നും പുടിൻ മക്രോണിനോട് വ്യക്തമാക്കി.
ഏത് തരത്തിലുള്ള ചർച്ചയും വൈകിപ്പിക്കുന്നത് യുക്രൈനിലെ ഇപ്പോഴത്തെ ഭരണകൂടമാണെന്നും, ചർച്ച വൈകുന്തോറും യുക്രൈൻ സർക്കാരിനോട് റഷ്യ നടപ്പാക്കണമെന്ന ആവശ്യങ്ങൾ കൂട്ടുകയേ ഉള്ളൂവെന്നും ഉറച്ച നിലപാടെടുക്കുന്നു പുടിൻ.
''കൂടുതൽ മോശം ദിനങ്ങൾ വരാനിരിക്കുന്നു'' എന്നാണ് ഈ ഫോൺ സംഭാഷണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനൊപ്പം ചർച്ചയിലുണ്ടായിരുന്ന ഫ്രഞ്ച് നയതന്ത്രപ്രതിനിധി വ്യക്തമാക്കിയത്. യുക്രൈൻ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്‍റെ ലക്ഷ്യമെന്നും ഒരു തരത്തിലും ആശ്വാസം നൽകുന്ന വിവരം പുടിൻ നൽകിയില്ലെന്നും, നിലവിലെ യുദ്ധനടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യാനാണ് തീരുമാനമെന്നും ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കുന്നു.
ആൾനാശം, സർവനാശം
അതേസമയം, യുക്രൈനിലെ ചെർണിവിവ് പ്രവിശ്യയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയെന്ന് സർക്കാർ സ്ഥിരീകരിക്കുന്നു. 22 മൃതദേഹങ്ങൾ ഇതുവരെ കെട്ടിടങ്ങളുടെ അടക്കം അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു എന്നാണ് യുക്രൈനിയൻ എമർജൻസി സർവീസസ് വ്യക്തമാക്കിയത്.
യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കവേ ഇത് രണ്ടാം തവണയാണ് യുക്രൈൻ - റഷ്യ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. നൂറ് കണക്കിന് റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് മോസ്കോ തന്നെ സ്ഥിരീകരിച്ചിരുന്നു. നിരവധി യുക്രൈനിയൻ പൗരൻമാരും വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. വെറും ഏഴ് ദിവസത്തിനകം 10 ലക്ഷത്തോളം അഭയാർത്ഥികളാണ് യുക്രൈൻ വിട്ട് പലായനം ചെയ്തത്. റഷ്യയ്ക്ക് എതിരെ യുദ്ധക്കുറ്റം ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായകോടതിയും വ്യക്തമാക്കിയിരുന്നു.
പലായനം ചെയ്യുന്ന യുക്രൈനിയൻ പൗരൻമാർക്ക് സുരക്ഷയൊരുക്കുമെന്ന് അതേസമയം യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. റൊമാനിയയിൽ ഒരു വലിയ സഹായക്യാമ്പ് ഒരുക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അതിർത്തി കടന്നെത്തുന്നവർക്ക് സഹായം ഉറപ്പ് നൽകാനുള്ള ഒരു താൽക്കാലിക സുരക്ഷാ സംവിധാനം ഒരുക്കാനാണ് ഇയുവിന്‍റെ ആഭ്യന്തരമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ തീരുമാനം.
ഇതനുസരിച്ച് യുക്രൈനിൽ നിന്ന് വരുന്ന ഓരോ പൗരനും ഒരു വർഷത്തേക്ക് റെസിഡൻസ് പെർമിറ്റും, ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനുമുള്ള അനുമതിയും താൽക്കാലികമായി നൽകും. അതിന് ശേഷം ആറ് മാസം കൂടുമ്പോൾ ഈ പെർമിറ്റ് പുതുക്കണം. ഇതാണ് നിലവിലെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam