
ടെഹ്റാൻ: ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമ്മിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക ആക്രമണങ്ങളിൽ തകരാറുകൾ സംഭവിച്ച ഇറാന്റെ ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ മികച്ച രീതിയിൽ പുനർ നിർമ്മിക്കുമെന്നാണ് ഇറാൻ ഞായറാഴ്ച വിശദമാക്കിയത്. അറ്റോമിക് എനർജി ഓർഗനൈസേഷനിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണവ കേന്ദ്രങ്ങളുടെ പുനർ നിർമ്മാണങ്ങളേക്കുറിച്ച് പ്രതികരിച്ചത്. ഇറാന്റെ ആണവ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം. ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് തങ്ങൾക്ക് ഒരു വലിയ പ്രശ്നമല്ലെന്നും വീണ്ടും ശക്തമായ രീതിയിൽ അവ പുനർ നിർമ്മിക്കുമെന്നാണ് ഇറാൻ വിശദമാക്കിയത്. എന്നാൽ ടെഹ്റാൻ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തിപ്പിച്ചാൽ വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ജൂൺ മാസത്തിൽ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. നേരത്തെ ഫെബ്രുവരിയിലും ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നാൽ അവ പുനർ നിർമ്മിക്കുമെന്ന് മസൂദ് പെസെഷ്കിയാൻ ഫെബ്രുവരിയിലും പ്രതികരിച്ചിരുന്നു. എന്നാൽ പുനർ നിർമ്മാണത്തേക്കുറിച്ച് വിശദമായി സംസാരിക്കാൻ മസൂദ് പെസെഷ്കിയാൻ തയ്യാറായില്ല. ജൂൺ മാസത്തിൽ 12 ദിവസം നീണ്ട ഇസ്രയേൽ യുദ്ധത്തിനിടെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളും ജനവാസ മേഖലകളിലും നടന്ന ആക്രമണത്തിൽ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിൽ ഇറാൻ ഇസ്രയേലിൽ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു. ഇറാനിലുണ്ടായ നാശം ഗുരുതരമാണെന്ന് വിശദമാക്കിയാണ് ജൂലൈയിൽ അമേരിക്ക ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ ഇറാൻ പുനരാരംഭിക്കണമെന്ന് ഇരു രാജ്യങ്ങൾക്കിടയിൽ മധ്യസ്ഥ ചർച്ച നയിച്ച ഒമാൻ ആവശ്യപ്പെട്ടിരുന്നു.