അതിജീവനത്തിന്‍റെ അടയാളം, ഉയർത്തെഴുന്നേൽപ്പുമായി വുഹാൻ

By Web TeamFirst Published Mar 29, 2020, 8:16 AM IST
Highlights

എല്ലാത്തിനുമൊടുവിൽ അതിജീവനത്തിന്‍റെ പുതിയ പ്രഭാതത്തിലേക്ക് കൺതുറന്നിരിക്കുന്നു വുഹാൻ. നിരത്തുകളിൽ വീണ്ടും വാഹനങ്ങൾ. മെട്രോകളിൽ തിരക്കായി വരുന്നു. മനുഷ്യർ വീണ്ടും അടുത്തിടപഴകിത്തുടങ്ങുന്നു

ബെയ്ജിംഗ്: കൊവിഡിന്റെ നാടെന്ന വിളിപ്പേരിൽനിന്ന് അതിജീവനത്തിന്‍റെ അടയാളമായി ഉയർത്തെഴുന്നേൽക്കുകയാണ് ചൈനയിലെ വുഹാൻ നഗരം. യാത്രാനിയന്ത്രണങ്ങൾ ഭാഗീകമായി പിൻവലിച്ചതോടെ നഗരം വീണ്ടും സജീവമായി. വുഹാൻ ഒരിക്കലും മറക്കാത്ത മൂന്നു മാസങ്ങളാണ് കടന്നുപോയത്. നൂറുകണക്കിന് പ്രിയപ്പെട്ടവരെ മഹാമാരി കൊണ്ടുപോയി. തടങ്കലിലെന്ന പോലെയുള്ള ജീവിതത്തിൽ ഉറ്റവരുമായി പിരിഞ്ഞിരിക്കേണ്ടിവന്നത് നിരവധി പേർക്ക്. 

രോഗം പരത്തിയവരെന്ന വിവേചനം വേറെയും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിവരെ കൊറോണയെ വുഹാൻ വൈറസെന്ന് വിളിച്ചു. പക്ഷെ, എല്ലാത്തിനുമൊടുവിൽ അതിജീവനത്തിന്‍റെ പുതിയ പ്രഭാതത്തിലേക്ക് കൺതുറന്നിരിക്കുന്നു വുഹാൻ. നിരത്തുകളിൽ വീണ്ടും വാഹനങ്ങൾ. മെട്രോകളിൽ തിരക്കായി വരുന്നു. മനുഷ്യർ വീണ്ടും അടുത്തിടപഴകിത്തുടങ്ങുന്നു. തിരിച്ചുകിട്ടിയ സ്വാതന്ത്യം ആസ്വദിച്ച് പുതുജീവിതത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഇവിടത്തുകാർ.

അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടി അടുത്തമാസം ആദ്യം എടുത്തുകളയും. എങ്കിലും വുഹാൻ മുൻകരുതലിന്റെ പാഠങ്ങൾ മറക്കുന്നില്ല. ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ നഗരത്തിൽ പലയിടത്തുമുണ്ട്. പൊതുവിടങ്ങളെല്ലാം കൂടെക്കൂടെ അണുവിമുക്തമാക്കുന്നു. നഗരത്തിന് പുറത്തേക്ക് പോകാൻ അനുവാദമായിട്ടില്ല. നിയന്ത്രണങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി നിന്നാൽ വൈകാതെ നമുക്കും കൊവിഡിനെ ജയിച്ച കഥ പറയാനാകും, ഈ വുഹാൻകാരെപ്പോലെ

click me!