
ദില്ലി: ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ സ്വയം പരിശോധിക്കണമെന്നും പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന് പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബലൂച് ട്രെയിൻ റാഞ്ചലിന് പിന്നാലെ ഇന്ത്യ ഭീകരതയെ സ്പോൺസർ ചെയ്യുന്നുവെന്ന് പാകിസ്ഥാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ആരോപിച്ചതിന് മറുപടിയായാണ് സർക്കാരിന്റെ പ്രതികരണം. ട്രെയിൻ ആക്രമണം വിദേശത്ത് നിന്ന് ആസൂത്രണം ചെയ്തതാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ട്രെയിൻ ഉപരോധത്തിലുടനീളം വിമതർ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു.
Read More... ട്രെയിൻ റാഞ്ചൽ: ഇന്ത്യയാണ് സ്പോൺസർ ചെയ്തതെന്ന ആരോപണവുമായി പാകിസ്ഥാൻ
ബലൂച് ലിബറേഷർ ആർമിയുടെ പ്രവർത്തനത്തിന് മുമ്പ് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നയം പാകിസ്ഥാൻ മാറ്റിയിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ ഇന്നും നിലനിൽക്കുന്നുവെന്ന് പാക് വക്താവ് അറിയിച്ചത്. പാകിസ്ഥാനെതിരെ ഭീകരതയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും പാകിസ്ഥാൻ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam