അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചു. സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇറാൻ പ്രസിഡൻ്റ് ചർച്ചകൾക്ക് ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്, ഇത് ലോകശ്രദ്ധ ആകർഷിക്കുന്നു.

ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിൽ താത്പര്യം അറിയിച്ച് ഇറാൻ. ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡൻ്റ് ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയുമായി സംഘർഷം ഒഴിവാക്കാൻ നയതന്ത്ര തലത്തിൽ ശ്രമം തുടരുന്നതായി ഇറാൻ ഇന്ന് വ്യക്തമാക്കി. സൈനിക നടപടികളിൽ നിന്ന് അമേരിക്കയും ഇറാനും പിന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ആദ്യം പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് ഇറാനെ സമ്മർദ്ദത്തിലാക്കിയ ശേഷം ട്രംപ് ആവശ്യപ്പെട്ടതും ആണവ കരാറിൽ ചർച്ച തുടരണമെന്നാണ്. ഇതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാനും അമേരിക്കയും തമ്മിൽ അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇരാൻ്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞിരുന്നു. സൗദി, ഈജിപ്‌ത്, തുർക്കി രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ‌ഗ്‌ചി ചർച്ച നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അമേരിക്കയുമായി ആണവ ചർച്ച തുടരാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം. ഇതിനായി പെസഷ്‌കിയാൻ നേരിട്ട് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഇറാനോ അമേരിക്കയോ സ്ഥിരീകരിച്ചിട്ടില്ല.