
ന്യൂയോർക്ക്: അമേരിക്കയിലെ നെവാർക്ക് വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനിരയായ യുവാവ് ഇന്ത്യൻ പൗരൻ തന്നെയെന്ന് സ്ഥിരീകരണം. ഹരിയാന സ്വദേശിയെ ആണ് ഇന്ത്യയിലേക്ക് നാടുകടത്താൻ നെവാർക്ക് വിമാനത്താവളത്തിൽ എത്തിച്ചതെന്ന് ഉന്നത വ്യത്തങ്ങൾ അറിയിച്ചു. അനധികൃതമായി വിസയില്ലാതെയാണ് ഇയാൾ അമേരിക്കയിൽ എത്തിയതെന്നാണ് വിശദീകരണം. യു എസ് ഉദ്യോഗസ്ഥരുടെ പിടിയിലായ ഇയാളെ നാടുകടത്താൻ കോടതി ഉത്തരവിട്ടു എന്ന് അമേരിക്ക ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചു.
നാടുകടത്താനായി നെവാർക്ക് വിമാനത്താവളത്തിലെത്തിയപ്പോൾ ഇയാൾ ബഹളം ഉണ്ടാക്കിയെന്നും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായതിനാൽ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് യു എസ് അധികൃതരുടെ വിശദീകരണം. സ്ഥിതി മെച്ചപ്പെടുമ്പോൾ തിരിച്ചയക്കും എന്നും അമേരിക്ക അറിയിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ട് എന്ന് സർക്കാർ വ്യത്തങ്ങൾ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിനുള്ളിൽ ഒരു ഇന്ത്യൻ യുവാവിനെ നിലത്തിട്ട് കൈകൾ പിന്നിൽ ബന്ധിക്കുന്ന എയർപോർട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. സംഭവം നേരിൽ കണ്ട സംരംഭകൻ കുനാൽ ജെയിനാണ് എക്‌സിൽ ദൃശ്യം പങ്കുവച്ചത്. 'നെവാർക്ക് വിമാനത്താവളത്തിൽ നാടുകടത്താൻ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ കണ്ടു. അയാളെ അവർ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ചിരുന്നു. കരയുകയായിരുന്നു. നിസ്സഹായനായിരുന്നു ഞാൻ. ഒരു എൻ ആർ ഐ എന്ന നിലയിൽ എന്റെ ഹൃദയം തകർന്നു പോയി' - ഇങ്ങനെയായിരുന്നു കുനാൽ ജെയിൻ കുറിച്ചത്. സംഭവത്തിന് അൻപതോളം പേർ ദൃക്‌സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാൻവി ഭാഷ മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്നും കുനാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കോൺസുലേറ്റ് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.