ഡല്‍ഹിയോട് തോറ്റു; പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൂനെ കാത്തിരിക്കണം

Published : May 12, 2017, 06:29 PM ISTUpdated : Oct 05, 2018, 03:04 AM IST
ഡല്‍ഹിയോട് തോറ്റു; പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൂനെ കാത്തിരിക്കണം

Synopsis

പൂനെ: ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന പൂനെ പടിക്കല്‍ കലമുടച്ചു. നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഡി ഡെയര്‍ഡെവിള്‍സിനോട് ഏഴ് റണ്‍സിന് തോറ്റ പൂനെ പ്ലേ ഓഫ് ബര്‍ത്തുറപ്പാകണമെങ്കില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കരുണ്‍ നായരുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ 168 റണ്‍സടിച്ചപ്പോള്‍ പൂനെയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

13 കളികളില്‍ 16 പോയന്റുള്ള പൂനെയ്ക്ക് അവസാന മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ കീഴടക്കിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശനിയാഴ്ച നടക്കുന്ന ഗുജറാത്ത് ലയണ്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് തോറ്റാലും പൂനെ പ്ലേ ഓഫ് കളിക്കും. ശനിയാഴ്ച ഹൈദരാബാദ് ജയിക്കുകുയും അവസാന മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് തോല്‍ക്കുകയും ചെയ്താല്‍ റണ്‍റേറ്റില്‍ പുറകിലുള്ള പൂനെ പ്ലേ ഓഫ് കാണാതെ പുറത്താവും.

ഡല്‍ഹിക്കെതിരെ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.കമിന്‍സ് എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സറിന് പറത്തി മനോജ് തിവാരി പൂനെയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള നാലു പന്തുകളില്‍ ഒരു ബൗണ്ടറിയും ഒരു വൈഡും മാത്രമാണ് പൂനെയ്ക്ക് ലഭിച്ചത്. 45 പന്തില്‍ 60 റണ്‍സെടുത്ത തിവാരി തന്നെയാണ് പൂനെയുടെ ടോപ് സ്കോറര്‍. 5 റണ്‍സെടുത്ത ധോണി റണ്ണൗട്ടായപ്പോള്‍ ക്യാപ്റ്റന്‍ സ്മിത്ത്(38), സ്റ്റോക്സ്(33) എന്നിവര്‍ മാത്രമാമാണ് പൂനെ നിരയില്‍ തിവാരിക്ക് പുറമെ രണ്ടക്കം കടന്നത്.  നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത സഹീര്‍ ഖാനാണ് ഡല്‍ഹിക്കായി ബൗളിംഗില്‍ തിളങ്ങിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ രഹാനെയെ(0) ക്ലീന്‍ ബൗള്‍ഡാക്കിയാണ് സഹീര്‍ തുടങ്ങിയത്.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്കും ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണെ(2) നഷ്ടമായി. സ്റ്റോക്സിന്റെ നേരിട്ടുള്ള ത്രോയില്‍ സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും(3) മടങ്ങിയെങ്കിലും 45 പന്തില്‍ 64 റണ്‍സെടുത്ത കരുണ്‍ നായരും 22 പന്തില്‍ 36 റണ്‍സടിച്ച റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റി. സാമുവല്‍സ് 21 പന്തില്‍ 27 റണ്‍സെടുത്തു. കരുണ്‍ നായരാണ് കളിയിലെ കേമന്‍.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!