
മുംബൈ: ധോണിയിലെ ഫിനിഷര്‍ എവിടെയെന്ന് ചോദിച്ചവര്‍ക്ക് ധോണി ബാറ്റ് കൊണ്ടു മറുപടി നല്‍കിയ മത്സരത്തില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ച് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഐപിഎല്‍ പത്താം സീസണിലെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. 163 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി മുംബൈയുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 162/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 142/9. മൂന്ന് വിക്കറ്റുമായി മുംബൈയുടെ തലയറുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് കളിയിലെ കേമന്‍.
നാലോവറുകളാണ് മുംബൈൂ-പൂനെ മത്സരത്തിന്റെ ഗതിയെഴുതിയത്. പൂനെയുടെ ബാറ്റിംഗില്‍ അവസാന രണ്ടോവറും മുംബൈയുടെ ബാറ്റിംഗില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്ന ഓഫ് സ്പിന്നറുടെ രണ്ടോവറും. പൂനെയുടെ ബാറ്റിംഗില്‍ അവസാന രണ്ടോവറില്‍ ധോണിയും മനോജ് തിവാരിയും ചേര്‍ന്ന് 41 റണ്‍സടിച്ചുവെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ രണ്ടോവറില്‍ മുംബൈയ്ക്ക് നഷ്ടമായത് മൂന്ന് വിക്കറ്റ്. മത്സരഫലത്തില്‍ പൂനെ അവസാന രണ്ടോവറില്‍ നേടിയ 41 റണ്‍സ് നിര്‍ണായകമായി. 18-ാം ഓവര്‍ കഴിയുമ്പോള്‍ 121 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്ന പൂനെ ധോണിയുടെ സിക്സറുകളുടെ മികവില്‍ അവസാന രണ്ടോവറില്‍ അടിച്ചു കൂട്ടിയത് 41 റണ്‍സ്. ഇതില്‍ അഞ്ച് സിക്സറടക്കം 26 പന്തില്‍ 40 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നപ്പോള്‍ 48 പന്തില്‍ 58 റണ്‍സെടുത്ത മനോജ് തിവാരി അവസാന പന്തില്‍ റണ്ണൗട്ടായി.43 പന്തില്‍ 56 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയാണ് പൂനെയുടെ മറ്റൊരു വിജയശില്‍പി.
സ്വന്തം ഗ്രൗണ്ടില്‍ അത്രവലിയ സ്കോര്‍ അല്ലാതിരിന്നിട്ടും പൂനെയുടെ ഒത്തൊരുമയ്ക്ക് മുന്നില്‍ മുംബൈയുടെ വമ്പന്‍മാര്‍ക്ക് അടിതെറ്റി. സിമണ്‍സ്(5) നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ രോഹിത് ശര്‍മ(1), അമ്പാട്ടി റായിഡു(0), കീറോണ്‍ പൊള്ളാര്‍ഡ്(0) എന്നിവരെ രണ്ടോവറുകളില്‍ മടക്കി വാഷിംഗ്ടണ്‍ സുന്ദര്‍ മുംബൈയുടെ തലയറുത്തു. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തത്. നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഷര്‍ദ്ദൂര്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് മുംബൈയെ പൂനെ വീഴ്ത്തുന്നത്. ലീഗ് ഘട്ടത്തില്‍ രണ്ടുതവണ മുംബൈ പൂനെയോട് തോറ്റിരുന്നു.
ആദ്യ പ്ലേ ഓഫില്‍ തോറ്റെങ്കിലും മുംബൈയ്ക്ക് ഇനിയും ഫൈനല്‍ പ്രതീക്ഷയുണ്ട്. ബുധനാഴ്ച നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ജയിക്കുന്നവരുമായുള്ള എലിമിനേറ്ററില്‍ ജയിച്ചാല്‍ മുംബൈയ്ക്ക് ഒരിക്കല്‍ കൂടി പൂനെയുമായി ഫൈനലില്‍ ഏറ്റുമുട്ടാം.