മൊയീന്‍ അലിയുടെ അടി എന്നെ തളര്‍ത്തി; അന്ന് ധോണിയുടെ ആ വാക്കുകളാണ് ആത്മവിശ്വാസം നല്‍കിയത്: കുല്‍ദീപ്

By Web TeamFirst Published May 16, 2019, 5:36 PM IST
Highlights

വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധങ്ങളില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. എന്നാല്‍ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു കുല്‍ദീപ്. ഒമ്പത് മത്സരങ്ങളില്‍ നാല് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്.

കാണ്‍പൂര്‍: വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധങ്ങളില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. എന്നാല്‍ ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു കുല്‍ദീപ്. ഒമ്പത് മത്സരങ്ങളില്‍ നാല് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്. അടുത്തിടെ ധോണിക്ക് തെറ്റ് പറ്റാറുണ്ടെന്ന് തുറന്ന് പറഞ്ഞ കുല്‍ദീപ് വിവാദ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വാര്‍ത്ത വാസ്തവ വിരുദ്ധവും വ്യാജവുമാണെന്ന് കുല്‍ദീപ് തന്നെ പറയുകയുണ്ടായി. 

ഇപ്പോള്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കുല്‍ദീപ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മോശം പ്രകടനം പുറത്തെടുത്ത കുല്‍ദീപ് മത്സരത്തിനിടെ കരഞ്ഞിരുന്നു. അന്ന് ആത്മവിശ്വാസം നല്‍കിയത് ധോണിയുടെ സന്ദേശമായിരുന്നുവെന്നാണ് കുല്‍ദീപ് പറയുന്നത്. 24കാരന്‍ തുടര്‍ന്നു.. എന്റെ ഓവറില്‍ മൊയീന്‍ അലി അടിച്ചുക്കൂട്ടിയ 27 റണ്‍സാണ് എന്നെ നിരാശനാക്കിയത്. അദ്ദേഹത്തെ പുറത്താക്കാന്‍ പ്രത്യേക പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആ മോശം പ്രകടനം മാനസികമായി എന്നെ തളര്‍ത്തി. 

എന്നാല്‍ അന്ന് മത്സരശേഷം എനിക്ക് ധോണിയുടെ സന്ദേശം വന്നു. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നാണ് ആ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. അത് എന്നെ ഒരുപാട് സഹായിച്ചു. എന്റെ അരങ്ങേറ്റത്തിന് ശേഷം പിന്തുണയുമായി അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. വിക്കറ്റിന് പിന്നില്‍ അദ്ദേഹം എങ്ങനെ സഹായിക്കുന്നുവെന്നാണ് എല്ലാവര്‍ക്കും അറിയൂ. എന്നാല്‍ താരങ്ങളുടെ എല്ലാ കാര്യങ്ങളും ധോണി ശ്രദ്ധിക്കാറുണ്ട്. കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

click me!