ഐപിഎല്ലില്‍ ഋഷഭ് പന്ത് ഒത്തുകളിച്ചോ; ?; മറുപടിയുമായി ബിസിസിഐ

By Web TeamFirst Published Apr 1, 2019, 7:37 PM IST
Highlights

സന്ദീപ് ലാമിച്ചാനെ എറിഞ്ഞ പന്ത് ഓഫ് സൈഡില്‍ ബൗണ്ടറിയാവുമെന്ന് പന്ത് പറയുന്ന സംഭാഷണമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ബിസിസിഐ.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ ഡല്‍ഹി താരം ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി ബിസിസിഐ. വിക്കറ്റ് കീപ്പിംഗിനിടയില്‍ പന്ത് പറഞ്ഞ വാചകം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതാണ് ഒത്തുകളിയാണെന്ന ആരോപണത്തിന് അടിസ്ഥാനം.

സന്ദീപ് ലാമിച്ചാനെ എറിഞ്ഞ പന്ത് ഓഫ് സൈഡില്‍ ബൗണ്ടറിയാവുമെന്ന് പന്ത് പറയുന്ന സംഭാഷണമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ബിസിസിഐ. പുറത്തുവന്ന ആ വാചകത്തിന് മുമ്പെ പന്ത് പറഞ്ഞ കാര്യങ്ങള്‍ കൂടി കേട്ടാല്‍ അത് വെറും സാധാരണ സംഭാഷണമാണെന്ന് വ്യക്തമാവുമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

What is this ??? How rishab pant know ....that's a boundary... pic.twitter.com/gtG43WyznJ

— Deepankar Singh (@Deepank04848353)

ഓഫ്സ സൈഡില്‍ ഫീല്‍ഡര്‍മാരെ കൂട്ടാന്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് പറഞ്ഞശേഷമാണ് ഇല്ലെങ്കില്‍ അടുത്ത പന്ത് ഓഫ് സൈഡില്‍ ബൗണ്ടറിയാവുമെന്ന് പന്ത് പറയുന്നത്. വിശദാംശങ്ങള്‍ അറിയാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഋഷഭ് പന്തിനെപ്പോലൊരു യുവതാരത്തെ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും മോശമാക്കി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും  ബിസിസിഐ പ്രതിനിധി പറഞ്ഞു..

മത്സരത്തിലെ നാലാം ഓവറിലായിരുന്നു പന്തിന്റെ സംഭാഷമം. റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയ്ക്കായി ആ സമയം ക്രീസിലുണ്ടായിരുന്നത്. സന്ദീപ് ലമിച്ചനെയായിരുന്നു ബൗളര്‍. ഓവറിനിടെ ഈ ബോള്‍ ഫോര്‍ ആയിരിക്കുമെന്ന് ഋഷഭ് പന്ത് പറഞ്ഞത് സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു. ഇത് പറഞ്ഞ് അടുത്ത പന്ത് തന്നെ ഉത്തപ്പ ഫോര്‍ അടിക്കുകയും ചെയ്തു.

ഈ തെളിവ് ഉയര്‍ത്തിയാണ് ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണവുമായി ക്രിക്കറ്റ് ആരാധകര്‍ രംഗത്ത് വന്നത്. ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന മത്സരത്തില്‍ ഡല്‍ഹി വിജയം നേടിയിരുന്നു. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം.

click me!