
ചെന്നൈ: ഐ പി എല്ലിന്‍റെ പന്ത്രണ്ടാം പതിപ്പിന് നാളെ ചെന്നൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. കോലി- ധോണി നേർക്കുനേർ പോരാട്ടത്തോടെയാണ് ഐപിഎല്ലിന് തുടക്കമാകുന്നത്.
രാജ്യാന്തരക്രിക്കറ്റിനോട് താൽക്കാലികമായി വിടപറഞ്ഞ താരങ്ങൾ ഐ പി എല്ലിൽ തിളങ്ങാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഇരുടീമും പോരാട്ടം നടക്കുന്ന ചിദംബരം സ്റ്റേഡിയത്തിലും പരിശീലനം നടത്തി. കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളേയും നിലനിർത്തിയ ചെന്നൈ പരിചയസമ്പത്തിലാണ് വിശ്വാസമർപ്പിക്കുന്നത്.
ധോണി, വാട്‌സണ്‍, റായ്‌ഡു, റെയ്ന, ബ്രാവോ, ജഡേജ എന്നിവർക്കൊപ്പം കേദാർ ജാദവ് കൂടി ചേരുമ്പോൾ ചെന്നൈ അതിശക്തർ. ബൗളിംഗാണ് അൽപം ദുർബലം. ആദ്യകിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂർ ഇത്തവണയും ഉറ്റുനോക്കുന്നത് കോലി, ഡിവിലിയേഴ്സ് കൂട്ടുകെട്ടിനെയാണ്. പാർഥിവ് പട്ടേൽ, ഷിമോൺ ഹെറ്റ്മെയർ എന്നിവർക്കൊപ്പം ഉമേഷ് യാദവും ശിവം ദുബെയും ഇത്തവണ കോലിപ്പടയ്ക്കൊപ്പമുണ്ട്.
ഐ പി എല്ലിൽ നേർക്കുനേർ കണക്കിൽ ചെന്നൈ വളരെ മുന്നിലാണ്. ചെന്നൈയും ബാംഗ്ലൂരും ഇതുവരെ 23 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ചിലും ജയം ധോണിക്കൊപ്പം നിന്നു. ഏഴിൽ ബാംഗ്ലൂർ ജയിച്ചു. അവസാന അഞ്ച് കളിയിലും ബാംഗ്ലൂരിന് സൂപ്പർ കിംഗിനെ തോൽപിക്കാനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!