രാജസ്ഥാനെ ചാമ്പലാക്കി നരൈയ്‌ന്‍- ലിന്‍ മിന്നല്‍; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം

By Web TeamFirst Published Apr 7, 2019, 10:52 PM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. 

ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്‌ന്‍ 47 എടുത്തും പുറത്തായി. 

മറുപടി ബാറ്റിംഗില്‍ മിന്നല്‍ തുടക്കമാണ് ലിന്നും നരൈയ്‌നും കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്. രണ്ടാം ഓവറില്‍ ഗൗതത്തെ നരൈയ്‌ന്‍ 22 റണ്‍സടിച്ചു. പവര്‍പ്ലേയില്‍ പിറന്നത് 65 റണ്‍സ്. അപകടകാരിയായ നരൈ‌യ്‌നെ പുറത്താക്കാന്‍ 9-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 25 പന്തില്‍ 47 റണ്‍സെടുത്ത നരൈയ്‌നെ ശ്രേയസ് ഗോപാല്‍ സ്‌മിത്തിന്‍റെ കൈയിലെത്തിച്ചു.

ആദ്യ വിക്കറ്റില്‍ ലിന്നും നരൈയ്‌നും ചേര്‍ത്തത് 91 റണ്‍സ്. അര്‍ദ്ധ സെഞ്ചുറി തികച്ച ലിന്നിനെ(32 പന്തില്‍ 50) മടക്കിയതും ഗോപാലാണ്. അവസാന 50 പന്തില്‍ വെറും 23 റണ്‍സ് മാത്രം മതിയായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍. 13.5 ഓവറില്‍ ഉത്തപ്പയും(26) ഗില്ലും(6) അനായാസം ഈ ലക്ഷ്യത്തിലെത്തി.  

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 139 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(73) ടോപ് സ്‌കോറര്‍. ഹാരി രണ്ടും പ്രസിദ് ഒരു വിക്കറ്റും വീഴ്‌ത്തി. തുടക്കത്തിലെ രഹാനെയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ബട്‌ലറും സ്‌മിത്ത് രാജസ്ഥാനെ കരകയറ്റി. പ്രസിദിനായിരുന്നു രഹാനെയുടെ വിക്കറ്റ്. എന്നാല്‍ ജയ്‌പൂരിലെ ശക്തമായ കാറ്റില്‍ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രാജസ്ഥാന്‍ കരുതലോടെ കളിക്കുകയായിരുന്നു. 

ആദ്യ 10 ഓവറില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. 34 പന്തില്‍ 37 റണ്‍സെടുത്ത ബട്‌ലര്‍ 12-ാം ഓവറില്‍ ഹാരിയുടെ പന്തില്‍ പുറത്തായി. 15-ാം ഓവറില്‍ രാജസ്ഥാന്‍റെ സ്‌കോര്‍ 100 കടന്നു.  ഇതേ ഓവറില്‍ സ്‌മിത്ത് അമ്പത് കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ത്രിപാദിയെ(6) രാജസ്ഥാന് നഷ്ടമായി. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ പിറക്കാത്തതാണ് രാജസ്ഥാനെ 150ല്‍ താഴെ സ്‌കോറില്‍ ഒതുക്കിയത്. സ്‌മിത്തും(59 പന്തില്‍ 73) സ്റ്റോക്‌സും(14 പന്തില്‍ 7) പുറത്താകാതെ നിന്നു.

click me!