സന്ദീപിന് മുന്നില്‍ വീഴുന്ന കോലി; ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Web TeamFirst Published Mar 31, 2019, 8:09 PM IST
Highlights

തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് 118 റണ്‍സിന്‍ കൂറ്റന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു

ഹെെദരാബാദ്: ഒരുപാട് പ്രതീക്ഷകളോടെയാണ് തോല്‍വികള്‍ക്ക് ശേഷം ഇന്ന് സണ്‍റെെസേഴ്സിനെതിരെ വിരാട് കോലിയും സംഘവും പോരിനിറങ്ങിയത്. എന്നാല്‍, തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് 118 റണ്‍സിന്‍ കൂറ്റന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു.

മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സെഞ്ച്വറികള്‍ നേടിയ ബെയര്‍സ്റ്റോയുടെയും വാര്‍ണറുടെയും കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോറാണ് സണ്‍റൈസേഴ്‌സ് പടുത്തുയര്‍ത്തുയത്. ആദ്യ വിക്കറ്റില്‍ തന്നെ ഓപ്പണര്‍മാര്‍ 185 റണ്‍സ് നേടിയെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ഒരുഘട്ടത്തില്‍ പോലും വിജയത്തിലേക്ക് ബാറ്റ് വീശിയെന്ന് തോന്നിപ്പിച്ചില്ല. നിരാശയുളവാക്കുന്ന ബാറ്റിംഗ് പ്രകടനമാണ് നായകന്‍ വിരാട് കോലിയും കാഴ്ചവെച്ചത്. 10 പന്തില്‍ വെറും മൂന്ന് റണ്‍സുമായി സന്ദീപ് ശര്‍മയുടെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയ മടങ്ങി.

ഇതിനൊപ്പം ഒരു മികച്ച നേട്ടത്തിനാണ് സന്ദീപ് ശര്‍മ അര്‍ഹനായത്.  ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കോലിയെ പുറത്താക്കുന്ന ബൗളര്‍ എന്ന നേട്ടത്തില്‍ ആശിഷ് നെഹ്റയ്ക്ക് ഒപ്പമെത്താന്‍ സന്ദീപിന് സാധിച്ചു. ഇുതുവരെ ആറ് വട്ടമാണ് നെഹ്റയും സന്ദീപും കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഒരു ബൗളറിന് മുന്നില്‍ ഏറ്റവുമധികം കീഴടങ്ങിയതിന്‍റെ റെക്കോര്‍ഡ് എം എസ് ധോണിയുടെ പേരിലാണ്. സഹീര്‍ ഖാന് മുന്നില്‍ ഏഴു വട്ടമാണ് ചെന്നെെ സൂപ്പര്‍ കിംഗ്സ് നായകന്‍ വീണിട്ടുള്ളത്.

click me!