അവസാന പന്ത് വരെ കൊട്ടിക്കയറി ആവേശപ്പൂരം, മലിംഗയുടെ അവസാന ഓവറില്‍ സംഭവിച്ചത്

By Web TeamFirst Published May 12, 2019, 11:50 PM IST
Highlights

മലിംഗയുടെ അവസാന ഓവര്‍. ജയത്തിലേക്ക് വേണ്ടത് 6 പന്തില്‍ 9 റണ്‍സ്

ഹൈദരാബാദ്: അവസാന പന്ത് വരെ കൊട്ടിക്കയറിയ ആവേശപ്പൂരത്തിനൊടുവില്‍ ഐപിഎല്ലില്‍ മുംബൈയുടെ കിരീടധാരണം. മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയ ലസിത് മലിംഗയെ അവസാന ഓവര്‍ ഏല്‍പ്പിക്കുമ്പോള്‍ മുംബൈയ്ക്ക് ജയപ്രതീക്ഷ കുറവായിരുന്നു. ബൂമ്രയുടെ തൊട്ട് മുന്‍ ഓവറിലെ അവസാന പന്ത് വിക്കറ്റിന് പിന്നില്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ കൈകളിലൂടെ ചോര്‍ന്ന് ബൗണ്ടറി തൊട്ടപ്പോള്‍ ഇത് തങ്ങളുടെ ദിവസമല്ലെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഷെയ്ന്‍ വാട്സന്റെ ഭാഗ്യം അവസാന ഓവറില്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ അവസാനിച്ചപ്പോള്‍ നാലാംവട്ടവും മുംബൈ കിരീടത്തില്‍ തൊട്ടു.

മലിംഗയുടെ അവസാന ഓവര്‍. ജയത്തിലേക്ക് വേണ്ടത് 6 പന്തില്‍ 9 റണ്‍സ്
ആദ്യ പന്തില്‍ വാട്സണ്‍ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിള്‍ എടുത്തു.

രണ്ടാം പന്ത് ഫുള്‍ടോസായെങ്കിലും മലിംഗയ്ക്കു നേരെ അടിച്ച ജഡേജക്ക് സിംഗിള്‍ മാത്രമെ നേടാനായുള്ളു.

മൂന്നാം പന്ത് ലെഗ് സ്റ്റംപില്‍ ലോഫുള്‍ടോസ്. മിഡ് വിക്കറ്റിലേക്ക് അടിച്ച് വാട്സണ്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ അഞ്ച് റണ്‍സ്.

നാലാം പന്ത് മലിംഗയുടെ യോര്‍ക്കര്‍ ഡീപ് പോയന്റിലേക്ക് അടിച്ച് വാട്സണ്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നു. ക്രുനാല്‍ പാണ്ഡ്യയുടെ ശക്തമായ ത്രോയില്‍ ഡീ കോക്കിന്റെ സ്റ്റംപിംഗ്. വാടസണ്‍ റണ്ണൗട്ട്. ചെന്നൈക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ നാലു റണ്‍സ്.

ഷര്‍ദ്ദുല്‍ ഠാക്കൂറാണ് വാട്സണ് പകരം ക്രീസിലെത്തിയത്. അഞ്ചാം പന്ത് ഫുള്‍ടോസ്. സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് ഠാക്കൂര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു.

അവസാന പന്തില്‍ ചെന്നൈക്കും കിരീടത്തിനും അകലെ രണ്ട് റണ്‍സിന്റെ അകലം. മലിംഗയുടെ സ്ലോ ഓഫ് കട്ടര്‍. ക്രോസ് ബാറ്റ് കളിക്കാന്‍ ശ്രമിച്ച ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അമ്പയര്‍ വിരലുയര്‍ത്തുാന്‍ ഒരുങ്ങും മുമ്പെ മുംബൈയുടെ വിജയാഘോഷവും.

click me!