എപ്പോഴും ഋഷഭിന് കഴിയണമെന്നില്ല; പോണ്ടിങ് പറയുന്നു, ധവാന്‍ കുറച്ച് വേഗത കാണിക്കണം

By Web TeamFirst Published Mar 27, 2019, 6:27 PM IST
Highlights

ഒരിക്കല്‍ പോലും ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കാത്ത ടീമാണ് ഡല്‍ഹി കാപിറ്റല്‍സ് (മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). എന്നാല്‍ ഇത്തവണ കെട്ടുറപ്പുളള ടീമിനെയാണ് ഡല്‍ഹി ഒരുക്കിയിരിക്കുന്നത്.

ദില്ലി: ഒരിക്കല്‍ പോലും ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കാത്ത ടീമാണ് ഡല്‍ഹി കാപിറ്റല്‍സ് (മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). എന്നാല്‍ ഇത്തവണ കെട്ടുറപ്പുളള ടീമിനെയാണ് ഡല്‍ഹി ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടു. രണ്ട് മത്സരത്തിലും അവരുടെ ഓപ്പണറായ ശിഖര്‍ ധവാന്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 

ആദ്യ മത്സരത്തില്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് 108.51 ആയിരുന്നു. രണ്ടാം മത്സരത്തില്‍ നേടിയത് 36 പന്തില്‍ 43. ഒരിക്കലും ആക്രമിച്ച് കളിക്കാന്‍ ധവാന്‍ സാധിച്ചിരുന്നില്ല. ടീം പരിശീലകനായ റിക്കി പോണ്ടിങ്ങും വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. ധവാന്‍ ഇന്നിങ്‌സിന് വേഗത കൂട്ടണമെന്നാണ് പോണ്ടിങ് അഭിപ്രായപ്പെടുന്നത്. പോണ്ടിങ് തുടര്‍ന്നു...

ടീമില്‍ ഒരു പ്രത്യേക റോള്‍ തന്നെ ധവാന് കളിക്കാനുണ്ട്. അദ്ദേഹം അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തണം. ചെന്നൈ സൂപ്പര്‍ കിങ്‌സിസിനെതിരെ 15 ഓവറിലെത്തുമ്പോള്‍ ഡല്‍ഹി രണ്ടിന് 118 എന്ന നിലയിലായിരുന്നു. എന്നാല്‍ അത് മതിയാവില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചത് പോലെ എപ്പോഴും ഋഷഭ് പന്തിന് കളിക്കാന്‍ സാധിക്കില്ല. എല്ലാ ദിവസവും അങ്ങനെ ഒരു ഇന്നിങ്‌സ് പ്രതീക്ഷിക്കരുത്. അതാര്‍ക്കും ചെയ്യാന്‍ കഴിയില്ല. പോണ്ടിങ് പറഞ്ഞു നിര്‍ത്തി. 

click me!