സഞ്ജുവിന് മറുപടിയുമായി വാര്‍ണര്‍; രാജസ്ഥാനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം

By Web TeamFirst Published Mar 29, 2019, 10:30 PM IST
Highlights

രാജസ്ഥാനെതിരെ 199 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച സണ്‍റൈസൈഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം. സീസണില്‍ ആദ്യ ഐപിഎല്‍ സെഞ്ചുറി രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ്‍ (102*) സ്വന്തമാക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 

ഹൈദരാബാദ്: രാജസ്ഥാനെതിരെ 199 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച സണ്‍റൈസൈഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം. സീസണില്‍ ആദ്യ ഐപിഎല്‍ സെഞ്ചുറി രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ്‍ (102*) സ്വന്തമാക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 

പിന്നാലെ  ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ്  ആറോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ 52 റണ്‍സും ഡേവിഡ് വാര്‍ണറുടെ വകയായിരുന്നു. വാര്‍ണര്‍ക്കൊപ്പം ജോണി ബെയര്‍സ്‌റ്റോ (9 പന്തില്‍ 16 ) യാണ് ക്രീസില്‍. ആദ്യ മത്സരത്തിലും വാര്‍ണര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ സഞ്ജുവിന്റെ സെഞ്ചുറിയും അജിന്‍ക്യ രഹാനെയുടെ (49 പന്തില്‍ 70)  അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 119 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറെ, റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയ ശേഷമാണ് ഇരുവരും ഒന്നിച്ചത്. രഹാനെ പുറത്താവുമ്പോള്‍ നാല് ഫോറും മൂന്ന് സിക്‌സും നേടിയിരുന്നു. ഷഹബാസ് നദീമിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രഹാനെ മിഡ് ഓണില്‍ മനീഷ് പാണ്ഡേയ്ക്ക് ക്യാച്ച് നല്‍കി. 

അധികം വൈകാതെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കി. 10 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ സീസണിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്.

നേരത്തെ, പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങി. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

click me!