ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു; അടുത്ത വര്‍ഷം പുതിയ ടീം കൂടി

By Web TeamFirst Published Nov 11, 2020, 11:20 AM IST
Highlights

പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള വലിയ താരലേലം ഉണ്ടാവില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വരും സീസണില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനാണ് ഇന്നലെ യുഎഇയില്‍ അവസാനമായത്. അടുത്ത സീസണി ഏപ്രില്‍- മേയ് മാസങ്ങളില്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള താരലേലം ഉണ്ടാവില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വരും സീസണില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

പുതുതായി മറ്റൊരു ടീമുകൂടി ഐപിഎല്ലില്‍ എത്തിയേക്കും. അഹമ്മദാബാദില്‍ നിന്നുള്ള ടീമാണ് കളംപിടിക്കുക. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക തീരുമാനമായിട്ടില്ല. താരലേലത്തിന് പോലും സമയമുണ്ടാകുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്. അഞ്ചോ ആറോ മാസത്തെ ഇടവേളയ്ക്കിടെ എപ്പോഴാണ് താരലേലം നടത്താന്‍ സമയമെന്നാണ് ഫ്രാഞ്ചൈസികളുടെ ചോദ്യം. 

എന്നാല്‍ മറ്റൊരു താരലേലത്തിന് ഒരുങ്ങിയിരിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൊവിഡ് കാരണം ഇത്തവണ പ്രതീക്ഷിച്ച സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ബിസിസിഐക്ക് സാധിച്ചിരുന്നില്ല. ആ കുറവ് നികത്താനാണ് പുതിയ ടീമിനെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ ഒരു മെഗാ താരലേലം നടത്തുന്നതില്‍ ചില ടീമുകളെങ്കിലും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

click me!