സഞ്ജു- സ്മിത്ത് വെടിക്കെട്ടില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ചെന്നൈ തകര്‍ത്തടിച്ച് തുടങ്ങി

By Web TeamFirst Published Sep 22, 2020, 10:08 PM IST
Highlights

നേരത്തെ സഞ്ജു സാംസണിന്റെ  (32 പന്തില്‍ 74) വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (47 പന്തില്‍ 69) കരുത്തായി.

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട തുടക്കം. രാജസ്ഥാന്റെ 216നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 എന്ന നിലയിലാണ്. മുരളി വിജയ് (19), ഷെയ്ന്‍ വാട്‌സണ്‍ (32) എന്നിവരാണ് ക്രീസില്‍. നേരത്തെ സഞ്ജു സാംസണിന്റെ  (32 പന്തില്‍ 74) വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (47 പന്തില്‍ 69) കരുത്തായി. വാലറ്റത്ത് ജോഫ്ര ആര്‍ച്ചര്‍ (എട്ട് പന്തില്‍ 27) ആഞ്ഞടിച്ചതോടെ രാജസ്ഥാന്റെ സ്‌കോര്‍ 200 കടന്നു. ചെന്നൈയ്ക്കായി സാം കറന്‍ മൂന്ന് വിക്കറ്റെടുത്തു. 

ലുങ്കി എന്‍ഗിടിയാണ് ചെന്നൈ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അടി മേടിച്ചത്. നാല് ഓവറില്‍ താരം 56 റണ്‍സ് വിട്ടുനല്‍കി. പിയൂഷ് ചൗള 55 റണ്‍സും രവീന്ദ്ര ജഡേജ 40 റണ്‍സും വിട്ടുകൊടുത്തു. ഒമ്പത് സിക്‌സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സ്. സ്മിത്ത് നാല് ഫോറും നാല് സി്കസും നേടി. മൂന്നാം വിക്കറ്റില്‍ ഓസീസ് ക്യാപ്റ്റനൊപ്പം 121 റണ്‍സാണ് സഞ്ജു കൂട്ടിച്ചേര്‍ത്തത്. രാജസ്ഥാന്‍ ഇന്നിഹ്ങ്‌സില്‍ അടിത്തറയിട്ടതും ഈ കൂട്ടുകെട്ടായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സെത്തിയപ്പോഴേക്കും രാജസ്ഥാന് യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ആറ് റണ്‍സെടുത്ത ജയ്സ്വാളിനെ ദീപക് ചാഹര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. യശ്വസ്വി പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും സമയമെടുക്കാതെ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. അഞ്ചാം ഓവറില്‍ സാം കറനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു അതേ ഓവറില്‍ കറമെ സിക്‌സറിന് പറത്തി വരവറിയിച്ചു.

ജയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിനെതിരെ ആയിരുന്നു സഞ്ജുവിന്റെ അടുത്ത പ്രഹരം. സഞ്ജുവിന്റെ മിന്നലടിയില്‍ തന്ത്രം മാറ്റിയ ചെന്നൈ നായകന്‍ ധോണി രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചെങ്കിലും ജഡേജക്കെതിരെ രണ്ട് സിക്‌സറടിച്ച് സഞ്ജു നയം വ്യക്തമാക്കി. ജഡേജയെ മാറ്റി പിയൂഷ് ചൗളയെ കൊണ്ടുവന്ന ധോണിയുടെ തന്ത്രവും സഞ്ജുവിന്റെ പ്രഹരത്തില്‍ തകര്‍ന്നു. മൂന്ന് സിക്‌സടിച്ചായിരുന്നു സഞ്ജു ചൗളയെ വരവേറ്റത്. ഇതിനിടെ 19 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ സഞ്ജു പത്താം ഓവറില്‍ ചൗളക്കെതിരെ വീണ്ടും സിക്‌സറടിച്ചു. പന്ത്രണ്ടാം ഓവറില്‍ എങ്കിടിയെ തിരികെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു.

സഞ്ജുവിനെ വീഴ്ത്തിയ എങ്കിടി ചെന്നൈക്ക് ചെറിയ ആശ്വാസം നല്‍കി. രണ്ടാം വിക്കറ്റില്‍ സ്മിത്തും സഞ്ജുവും ചേര്‍ന്ന് 121 റണ്‍സടിച്ചു. സഞ്ജു പുറത്തായശേഷവും നിലയുറപ്പിച്ച സ്മിത്ത് രാജസ്ഥാന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയാണ് പുറത്തായത്. ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്‌സര്‍ പറത്തിയ ജോഫ്ര ആര്‍ച്ചര്‍ 30 റണ്‍സടിച്ച് രാജസ്ഥാന്റെ സ്‌കോര്‍ 200 കടത്തി. എട്ട് പന്തില്‍ 27 റണ്‍സടിച്ച ആര്‍ച്ചറും 9 പന്തില്‍ 10 റണ്‍സുമായി ടോം കറനും പുറത്താകാതെ നിന്നു.

click me!