വീണ്ടും ഐപിഎൽ പൂരാവേശം; 14-ാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കം

By Web TeamFirst Published Sep 19, 2021, 8:02 AM IST
Highlights

ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎൽ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും

ദുബായ്: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎൽ ആരവത്തിലേക്ക്. പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങക്ക് ഇന്ന് തുടക്കമാവും. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ധോണിയുടെ ചെന്നൈ. രോഹിത്തിന്റെ മുംബൈ. ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ ആരവങ്ങളിലേക്ക് അമരാൻ ഇതിനേക്കാൾ മികച്ചൊരു പോരാട്ടമില്ല. 

കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രീസിലെത്തുമ്പോൾ ഏഴ് കളിയിൽ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലുണ്ട്. രോഹിത്തും ക്വിന്റൺ ഡി കോക്കും ഇന്നിംഗ്സ് തുറക്കുന്ന മുംബൈ സർവ സജ്ജർ. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ കെയ്റോൺ പൊള്ളാർഡ്, പണ്ഡ്യ സഹോദരൻമാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവരും ടീമിലുറപ്പ്. 

രാഹുൽ ചഹറോ, ജയന്ത് യാദവോ ആഡം മിൽനേയോ, നേഥൻ കൂൾട്ടർനൈലോ എന്നകാര്യത്തിൽ മാത്രമാണ് ഉറപ്പില്ലാത്തത്. ചെന്നൈ നിരയിൽ മാറ്റം ഉറപ്പ്. കരീബിയൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി പരിശീലനം തുടങ്ങിയെങ്കിലും ടീമിലെത്താനിടയില്ല. സാം കറൻ ഇപ്പോഴും ക്വാറന്റീനിലാണ്. റുതുരാജ് ഗെയ്ക്വാദിനൊപ്പം മോയിൻ അലി ഓപ്പൺ ചെയ്യാനെത്തിയേക്കും. 

സുരേഷ് റെയ്ന, അംബാട്ടി റായുഡു എന്നവർക്കൊപ്പം രവീന്ദ്ര ജഡേജയുടേയും ഡ്വയിൻ ബ്രാവോയുടെയും ഓൾറൗണ്ട് മികവും ധോണിയുടെ പരിചയസമ്പത്തും കൂടിയാവുമ്പോൾ ചെന്നൈ ആരാധകർക്ക് പ്രതീക്ഷയേറെ. ഷാർദുൽ താക്കൂർ, ദീപക് ചഹർ, ഇമ്രാൻ താഹിർ, ലുംഗി എൻഗിഡി ഇല്ലെങ്കിൽ ജോഷ് ഹെയ്സൽവുഡ് എന്നിവർ ബൗളിംഗ് നിരയിലെത്താനാണ് സാധ്യത.

click me!