ഡ്വെയ്ന്‍ ബ്രാവോ ഇന്ന് കളിക്കുമോ..? സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗിന്റെ മറുപടിയിങ്ങനെ

By Web TeamFirst Published Sep 22, 2020, 4:07 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ബ്രാവോയെ കുറിച്ച് സംസാരിച്ചത്.

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റര്‍മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡ്വെയ്ന്‍ ബ്രാവോ. എന്നാല്‍ പരിക്ക് കാരണം അദ്ദേഹത്തിന് മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരമിറങ്ങിയ സാം കറനാവാട്ടെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ മത്സരം. 

ഈ മത്സരത്തില്‍ വെറ്ററന്‍ താരം ബ്രാവോ കളിക്കുമോ എന്നുള്ളതിന് ഉത്തരം പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ബ്രാവോയെ കുറിച്ച് സംസാരിച്ചത്. ''ബ്രാവോയുടെ പുരോഗതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ബ്രാവോയുടെ പരിക്ക് ഭേദമായി വരുന്നുണ്ട്. അദ്ദേഹത്തെ വേഗത്തില്‍ കളത്തിലേക്ക് തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. അതുകൊണ്ട് പൂര്‍ണമായും ഫിറ്റാവാന്‍ കാത്തിരിക്കുന്നു. പരിശീലനം നടത്തുമ്പോഴെല്ലാം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. 

സാമിന്റെ പ്രകടനം സന്തോഷിപ്പിക്കുന്നതാണ്. വേഗത്തില്‍ ബ്രാവോയെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ഒഴിവാക്കി. പക്ഷേ ബ്രാവോ ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്.'' മുന്‍ ന്യൂസിന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ ഫ്‌ളമിംഗ് പറഞ്ഞു.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിനും ചെന്നൈയ്ക്കായിരുന്നു ജയം. ഇന്നും വിജയത്തില്‍ കുറഞ്ഞൊന്നും ധോണിയും സംഘവും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

click me!