Latest Videos

ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ധോണി

By Web TeamFirst Published Apr 17, 2021, 10:19 AM IST
Highlights

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഐപിഎല്ലില്‍ 176 മത്സരങ്ങളും ചാമ്പ്യൻസ്  ലീഗ് ട്വന്റി ട്വന്‍റിയില്‍ 24 ഉം മത്സരങ്ങളാണ് ധോണി കളിച്ചത്.

മുംബൈ: ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണി.
പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തോടെ ചെന്നൈ ജഴ്സിയില്‍ 200മത്സരം പൂർത്തിയാക്കിയാണ് ധോണി റെക്കോർഡിട്ടത്. 2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈക്കൊപ്പം നായകനായി ധോണിയുമുണ്ടായിരുന്നു.

എതിരാളികള്‍ എക്കാലവും പേടിച്ചിരുന്ന ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ധോണി നായകനെന്ന നിലയിൽ ചെന്നൈയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ സീസണിലൊഴികെ എല്ലാ തവണയും ടീമിനെ പ്ലേ ഓഫിലെത്തിച്ചു.

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഐപിഎല്ലില്‍ 176 മത്സരങ്ങളും ചാമ്പ്യൻസ്  ലീഗ് ട്വന്റി ട്വന്‍റിയില്‍ 24 ഉം മത്സരങ്ങളാണ് ധോണി കളിച്ചത്. ഏറ്റവും കൂടുതല്‍ ഐപിഎൽ മത്സരങ്ങള്‍ കളിച്ച റെക്കോർഡും ധോണിയുടെ പേരിലാണ്. ഇതുവരെ 206 എണ്ണം. ചെന്നൈക്കായി കളിച്ച 176നൊപ്പം പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച 30ഉം കൂടി ചേർത്താണിത്.

ചെന്നൈക്കായി 200 മത്സരങ്ങൾ പിന്നിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരുപാട് പ്രായമായതുപോലെ തോന്നുന്നുവെന്നായിരുന്നു ധോണിയുടെ പ്രതികരണം. ഐഎൽ മത്സരങ്ങളുടെ എണ്ണത്തില്‍ 202 മത്സരങ്ങൾ കളിച്ചിട്ടുള്ള മുംബൈ നായകൻ രോഹിത് ശർമ്മയാണ് രണ്ടാമത്. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ദിനേശ് കാർത്തിക്കും ചെന്നൈയുടെ സുരേഷ് റെയ്നയും ബാംഗ്ലൂർ നായകൻ വിരാട് കോലിയും.

click me!