
ജയ്പുര്‍: ഇതിഹാസ താരം എം എസ് ധോണിക്ക് 'ക്യാപ്റ്റൻ കൂള്‍' എന്നൊരു വിളിപ്പേര് കൂടെ ആരാധകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ഏത് മോശം സാഹചര്യങ്ങളെയും ഒരു സമ്മര്‍ദ്ദവും ഇല്ലാതെ നേരിടാനുള്ള താരത്തിന്‍റെ പാടവമാണ് ഇത്തരമൊരു വിശേഷണം ലഭിച്ചതിനുള്ള കാരണം. ധോണി മികച്ച ഫിനിഷറും ക്യാപ്റ്റനും ആയതിന് കാരണം സമ്മര്‍ദ്ദത്തിന് അടിപ്പെടാത്തത് കൊണ്ടാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വരെ അടയാളപ്പെടുത്തിയിട്ടുള്ള കാര്യമാണ്.
എന്നാല്‍, ധോണിക്ക് പോലും ദേഷ്യം അടക്കാനാവാതെ പോകുന്ന നിമിഷങ്ങള്‍ കളിക്കളത്തിലുണ്ടാകും. രാജസ്ഥാൻ റോയല്‍സിനെതിരെയുള്ള മത്സരവും അത്തരത്തിലുള്ള ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. പതിറാണ എറിഞ്ഞ 15-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സംഭവം. കാലില്‍ കൊണ്ട പന്തില്‍ ഹെറ്റ്മെയര്‍ റണ്ണിനായി ഓടി. ധോണി ഓടിയെത്തി പന്ത് എടുത്ത് ബൗളിംഗ് എൻഡിലെ സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞു.
ഡയറക്ട് ത്രോ കൊണ്ടിരുന്നെങ്കില്‍ ഹെറ്റ്മെയര്‍ ഔട്ടാകാൻ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ധോണിയുടെ ത്രോ പതിറാണ തടയുകയായിരുന്നു. ഈ സമയം ക്യാപ്റ്റൻ കൂളിന് പോലും ദേഷ്യം പിടിച്ച് വയ്ക്കനായില്ല. അതേസമയം, ഹെറ്റ്‍മെയറിന് ഇന്ന് കാര്യമായി ഒന്നും ചെയ്യാനായില്ല. 10 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് റോയല്‍സ് സ്വന്തമാക്കിയത്.
43 പന്തില്‍ 77 റണ്‍സെടുത്ത യശ്വസി ജയ്സ്‍വാളാണ് രാജസ്ഥാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദേവദത്ത് പടിക്കലും ധ്രുവ് ജുറലും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഒടുവില്‍ രാജസ്ഥാന് രക്ഷയായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!