ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ ഫൈനലില്‍ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടേണ്ടത്.
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം അജിങ്ക്യ രഹാനെ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. 2021-22 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം രഹാനെയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ ഫൈനലില്‍ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടേണ്ടത്.
ഇപ്പോള്‍ അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളുടെ കാര്യത്തിലും ബിസിസിഐ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മുംബൈയുടെ സര്‍ഫ്രാസ് ഖാൻ, ജാര്‍ഖണ്ഡിന്‍റെ ഇഷാൻ കിഷൻ, മഹാരാഷ്ട്രയുടെ റുതുരാജ് ഗെയ്ക്‍വാദ്, ബംഗാളിന്‍റെ മുകേഷ് കുമാര്‍, ദില്ലിയുടെ നവദീപ് സെയ്നി എന്നിവരെയാണ് സ്റ്റാൻഡ് ബൈ താരങ്ങളായി നിയോഗിച്ചിട്ടുള്ളത്.
സര്‍ഫ്രാസും റുതുരാജും സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ്. മുകേഷും സെയ്നിയും പേസ് ബൗളര്‍മാരാണ്. ഇഷാനെ കീപ്പര്‍ - ബാറ്ററായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പായി ടീം ഇന്ത്യ സന്നാഹ മത്സരം കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാത്ത താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്.
അജിൻക്യ രഹാനെയുടെ മടങ്ങിവരവാണ് വലിയ ചര്‍ച്ചയായി മാറിയിട്ടുള്ളത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് അജിങ്ക്യ രഹാനെയ്‌ക്ക് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവിന് വഴിയൊരുക്കിയത്. ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ മധ്യനിരയില്‍ വിശ്വസ്‌തനായൊരു ബാറ്ററെ ടീം ഇന്ത്യക്ക് ആവശ്യമായിരുന്നു.
