ജയിപ്പിക്കാനായില്ല; എങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ധോണി

By Web TeamFirst Published Oct 2, 2020, 11:42 PM IST
Highlights

വിരാട് കോലി (5430), സുരേഷ് റെയ്‌ന (5368), രോഹിത് ശര്‍മ (5068), ശിഖര്‍ ധവാന്‍ (4648) എന്നിവരാണ് ധോണിക്ക് മുമ്പ് നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഡേവിഡ് വാര്‍ണര്‍ (4821), എബി ഡിവില്ലിയേഴ്‌സ് (4529) എന്നിവരും 4500 കടന്നവരാണ്. 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ധോണി 4500 ക്ലബിലെത്തിയത്. ഇത്രയും റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. വിരാട് കോലി (5430), സുരേഷ് റെയ്‌ന (5368), രോഹിത് ശര്‍മ (5068), ശിഖര്‍ ധവാന്‍ (4648) എന്നിവരാണ് ധോണിക്ക് മുമ്പ് നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഡേവിഡ് വാര്‍ണര്‍ (4821), എബി ഡിവില്ലിയേഴ്‌സ് (4529) എന്നിവരും 4500 കടന്നവരാണ്. 

തന്റെ 194ാം മത്സരത്തിലാണ് ധോണി നാഴികക്കല്ല് പിന്നിട്ടത്. 174 ഇന്നിങ്‌സുകള്‍ മാത്രമാണ് ധോണിക്ക് വേണ്ടിവന്നത്. പുറത്താവാതെ നേടിയ 84 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍. 68 തവണ പുറത്താവാതെ നിന്നു. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ ക്യാപ്റ്റന്‍. ഹൈദരാബാദിനെതിരെ 36 പന്തുകള്‍ നേരിട്ട ധോണി പുറത്താവാതെ 47 റണ്‍സ് നേടി. എങ്കിലും ടീമിനെ ജയിക്കാന്‍ ധോണിക്കായില്ല. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോഡും ഇന്ന് ധോണിയെ തേടിയെത്തിയിരുന്നു. 193 മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ്‌നയെയാണ് ധോണി മറികടന്നത്. ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതാണ്. 

ഡക്കാണ്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കായി 192 മത്സരങ്ങളാണ് രോഹിത് കളിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 185 മത്സരങ്ങള്‍ കളിച്ചു. വിരാട് കോലി, റോബിന്‍ ഉത്തപ്പ എന്നിവര്‍ 180 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. 

click me!