
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനെന്ന നിലയിൽ എം എസ് ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ധോണി ബാറ്റിംഗ് ഓർഡറിൽ നാലാമതോ അഞ്ചാമതോ ഇറങ്ങണമെന്നും ഏഴാം സ്ഥാനത്തിറങ്ങി ധോണിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ഗംഭീർ തുറന്നടിച്ചു.
നായകൻ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവനാകണം. ഏഴാം സ്ഥാനത്ത് ബാറ്റിനിറങ്ങി ടീമിനെ നയിക്കാൻ ധോണിക്ക് കഴിയില്ല. ഇക്കാര്യം പലതവണ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ആഗ്രഹിക്കുന്ന പോലെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും പന്ത് പായിക്കാൻ കഴിയുന്ന പഴയ ധോണിയല്ല ഇപ്പോൾ അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണം. എന്റെ അഭിപ്രായത്തിൽ അദ്ദേഹം നാലാമതോ അഞ്ചാമതോ ഇറങ്ങണം. അതിൽ താഴേക്ക് പോകരുത്. ചെന്നൈയുടെ ബൗളിംഗ് നിരയിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഗംഭീർ സ്റ്റാർ സ്പോർട്സിന്റെ ടോക്ക് ഷോയിൽ പറഞ്ഞു.
ഐപിഎല്ലിലെ ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ ധോണി രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ പുറത്തായിരുന്നു. 190 റൺസിനടുത്ത് സ്കോർ ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനുമായില്ല. കഴിഞ്ഞ സീസണിലും ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!