
ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 10 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ റോയല്‍സ് താരം റിയാന്‍ പരാഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 104-3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അവസാന അഞ്ചോവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 51 റണ്‍സ്. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ക്രീസിലുള്ളപ്പോള്‍ രാജസ്ഥാന്‍ അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയെങ്കിലും ആവേശ് ഖാന്‍ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തില്‍ അപ്രതീക്ഷിതമായി ഹെറ്റ്മെയര്‍ പുറത്തായതോടെ റിയാന്‍ പരാഗ് ക്രീസിലെത്തി.
ഓവറില്‍ 10 റണ്‍സിലേറെ വേണ്ട ഘട്ടത്തില്‍ നേരിട്ട ആദ്യ ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. ജയത്തിലേക്ക് രണ്ടോവറില്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് പരാഗ് ആദ്യ സിക്സ് പറത്തുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണ്ട ഘട്ടത്തില്‍ ആദ്യ പന്തില്‍ ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് പരാഗിന് ഒന്നും ചെയ്യാനായില്ല. ഈ സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 54 റണ്‍സ് മാത്രം. 20 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരിയാകട്ടെ 13.50 വും സ്ട്രൈക്ക് റേറ്റ് 113.50വും മാത്രം.
എന്നിട്ടും എല്ലാ മത്സരങ്ങളിലും പരാഗിന് എങ്ങനെയാണ് പ്ലേയിംഗ് ഇലവനില്‍ അഴസരം കിട്ടുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം. ഹെറ്റ്മെയര്‍ പുറത്തായപ്പോള്‍ തകര്‍ത്തടിക്കാന്‍ കഴിയുമെന്ന് തെളിയിച്ച ധ്രുവ് ജൂറെലിന് പകരം പരാജയമെന്ന് വീണ്ടും വീണ്ടും തെളിയിച്ച പരാഗിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാനുള്ള റോയല്‍സിന്‍റെ തീരുമാനത്തെയും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ഐപിഎല്ലില്‍ 50 ലക്ഷം രൂപക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ റിങ്കു സിംഗ് അവസാന ഓവറില്‍ അഞ്ച് സിക്സ് അടിച്ച് കളിജയിപ്പിക്കുമ്പോള്‍ 3.8 കോടി രൂപക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ പരാഗ് ഏത് മത്സരമാണ് ടീമിനെ ജയിപ്പിച്ചിട്ടുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!