
മുംബൈ: മലയാളി താരങ്ങളായ സഞ്ജു സാംസണും വിഷ്ണു വിനോദും തമ്മിലുള്ള അങ്കത്തിന് കാത്ത് ആരാധകര്‍. ഇന്ന് മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍, അത് രണ്ട് മലയാളി താരങ്ങള്‍ തമ്മിലുള്ള പോര് കൂടിയാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. രാജസ്ഥാൻ നായകനാണ് സഞ്ജു സാംസണ്‍. മുംബൈ നിരയില്‍ വിഷ്ണു വിനോദ് എത്തിയാല്‍ മലയാളികള്‍ക്ക് ആഘോഷിക്കാൻ വകയുണ്ടാകും.
ഐപിഎല്ലില്‍ ഇഷാൻ കിഷൻ മോശം ഫോം തുടരുന്നതോടെയാണ് വിഷ്ണു വിനോദിന് അവസരം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. 15.25 കോടി മുടക്കി ടീമിലെത്തിച്ച ഇഷാനില്‍ നിന്ന് ആ മൂല്യത്തിന് ചേര്‍ന്ന പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 13 പന്തില്‍ 10, ചെന്നൈ സൂപ്പര്‍ കിംഗ്സനെതിരെ 21 പന്തില്‍ 32, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ 31, പഞ്ചാബ് കിംഗ്സിനെതിരെ നാലു പന്തില്‍ ഒന്ന്, ഇന്നലെ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഗുജറാത്തിനെതിരെ 21 പന്തില്‍ 13 എന്നിങ്ങനെയാണ് കിഷന്‍റെ മറ്റ് പ്രകടനങ്ങള്‍. വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ പോലും അതിവേഗം സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കാതെ കിഷൻ പന്തുകള്‍ പാഴാക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഇതോടെ വിഷ്ണു വിനോദിന് ഒരു അവസരം നല്‍കണമെന്ന് ആവശ്യം ഉയരുകയായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം. ടിം ഡേവിഡിനൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാൻ വിഷ്ണുവിന് സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!