
ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടും ഒരു അവസരം കിട്ടിയിട്ടും ആളിക്കത്താനാകാതെ പൊന്നും വിലയുള്ള സണ്‍റൈസേഴ്സിന്‍റെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്. തുടരെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഹാരിയെ സണ്‍റൈസേഴ്സ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിലെത്തിയത്. ഹെൻറിച്ച് ക്ലാസൻ ഒരറ്റത്ത് ആടിത്തിമിര്‍ക്കുമ്പോള്‍ ക്രീസിലെത്തി ബ്രൂക്ക് 19 പന്തില്‍ 27 റണ്‍സാണ് നേടിയത്. രണ്ട് ഫോറും ഒരു സിക്സും പായിച്ചു.
എന്തായാലും പൂജ്യത്തിന് പുറത്തായില്ലല്ലോ എന്നാണ് ആരാധകര്‍ ആശ്വസിക്കുന്നത്. അവസാന ഓവറില്‍ മുഹമ്മദ് സിറാജ് 13.25 കോടിയുടെ സൂപ്പര്‍ താരത്തെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. പവര്‍ പ്ലേയില്‍ മാത്രം അടിക്കാൻ അറിയുന്ന താരത്തെ എന്തിന് ഗ്ലെൻ ഫിലിപ്സിന് മുമ്പ് ഇറക്കി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ വർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്.
ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. ഇതോടെ ട്രോളുകള്‍ നിറഞ്ഞു.
എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച ബ്രൂക്ക്, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്‍റെ പ്രകടനമെന്ന് പറഞ്ഞിരുന്നു. 'ഞാന്‍ മികച്ച പ്രകടനം നടത്തിയതായി ഏറെ ഇന്ത്യന്‍ ആരാധകര്‍ ഈ രാത്രിയില്‍ പറയുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അവരെന്നെ കടന്നാക്രമിക്കുകയായിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്നുമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരശേഷം ബ്രൂക്കിന്‍റെ വാക്കുകള്‍. ഇതിന് ശേഷം വീണ്ടും ബ്രൂക്ക് മോശം പ്രകടനം തുടര്‍ന്നതോടെ ആരാധകര്‍ വീണ്ടും ട്രോളുകള്‍ കടുപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!