യങ് പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്നു; യുവതാരത്തെ കുറിച്ച് സെവാഗ്, സെഞ്ചുറി നേടുമെന്ന് പ്രവചനം

By Web TeamFirst Published May 15, 2021, 10:02 PM IST
Highlights

ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇതിനകം പിറന്നിട്ടുള്ളൂ. 

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായ മുഹമ്മദ് ഷാരൂഖ് ഖാനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈ ഇന്ത്യന്‍സിന്‍റെ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ 25കാരനായ ഷാരൂഖ് ഓര്‍മ്മിപ്പിക്കുന്നു എന്നാണ് വീരുവിന്‍റെ വാക്കുകള്‍. 

'ഐപിഎല്ലിലേക്ക് എത്തിയപ്പോഴുള്ള യുവ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ് അദേഹം. എല്ലാവരും പൊള്ളാര്‍ഡിനെ പിന്തുടരുകയായിരുന്നു. കാരണം ക്രീസില്‍ നിന്ന് അനായാസം ബൗളര്‍മാരെ സിക്‌സറിന് പറത്തുകയായിരുന്നു പൊള്ളാര്‍ഡ്. വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടില്ല എങ്കില്‍ക്കൂടിയും ഷാരൂഖിനും ഇതേ ക്വാളിറ്റിയുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചാല്‍ ടി20യില്‍ സെഞ്ചുറി വരെ നേടാം' എന്നും സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു. 

കോലി തന്നെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍; സമ്മതിച്ച് പെയ്‌ന്‍

ഈ സീസണില്‍ അത്ര വമ്പന്‍ ഇന്നിംഗ്‌സുകളൊന്നും ഷാരൂഖ് കളിച്ചിരുന്നില്ലെങ്കിലും കൂടുതല്‍ മികവ് പ്രതീക്ഷിക്കുകയാണ് സെവാഗ്. 6*, 47, 15*, 22, 13, 0, 4 എന്നിങ്ങനെയായിരുന്നു ഐപിഎല്‍ സ്‌കോറുകള്‍. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും ഷാരൂഖ് നേടിയിട്ടില്ല. 92*, 69* എന്നിങ്ങനെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറുകള്‍. 

ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇതിനകം പിറന്നിട്ടുള്ളൂ. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍(119), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍(101), രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍(124) എന്നിവരാണ് മൂന്നക്കം കണ്ടത്. 

തമിഴ്നാട് താരമായ ഷാരൂഖ് ഖാനെ ഐപിഎല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ചത്. ഷാരൂഖ് ഖാന് വേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്തുണ്ടായിരുന്നു. പൊള്ളാര്‍ഡിനെ ഷാരൂഖ് ഓര്‍മ്മിപ്പിക്കുന്നു എന്ന് പഞ്ചാബ് കിംഗ്‌സ് പരിശീലകന്‍ അനില്‍ കുംബ്ലെയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!