സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ് വിരാട് കോലി എന്നാണ് വിലയിരുത്തപ്പെടുന്നത്. 

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനെന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍. കോലിയെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പെയ്‌ന്‍ വ്യക്തമാക്കി. 

'ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുള്ളതാണ്, നിങ്ങളുടെ ടീമിലുണ്ടാവണം എന്ന് നിങ്ങളെല്ലാം ആഗ്രഹിക്കുന്ന താരമാണ് വിരാട് കോലി. അദേഹം മത്സരബുദ്ധിയുള്ളയാളാണ്, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ്. നാല് വര്‍ഷം മുമ്പ് കോലിയുമായി വാഗ്‌വാദമുണ്ടായിരുന്നു. തീർച്ചയായും ഞാൻ എപ്പോഴും ഓർക്കുന്ന ഒരാളാണ് കോലി' എന്നും ഒരു പോഡ്‌കാസ്റ്റില്‍ പെയ്‌ന്‍ പറഞ്ഞു. 

കരിയറില്‍ കോലിയും പെയ്‌നും തമ്മില്‍ നിരവധി തവണ കൊമ്പുകോര്‍ത്തിരുന്നു. ടീം ഇന്ത്യയുടെ 2018/19 സീസണിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തില്‍ വച്ച് കോലിയും പെയ്‌നുമായുള്ള വാഗ്‌വാദം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തിരുന്നു. ചില ഓസീസ് താരങ്ങളുടെ വിക്കറ്റ് കോലി ആഘോഷിക്കുന്നതും യാത്രയപ്പ് നല്‍കുന്നതും അന്ന് കാണാനായി. 

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ് വിരാട് കോലി എന്നാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റില്‍ 91 മത്സരങ്ങളില്‍ 52.38 ശരാശരിയില്‍ 7490 റണ്‍സ് കോലിക്കുണ്ട്. 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളും 25 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്. 254 ഏകദിനങ്ങളിലാവട്ടെ 43 സെഞ്ചുറികളും 62 അര്‍ധ സെഞ്ചുറികളും സഹിതം 59.07 ശരാശരിയില്‍ 12169 റണ്‍സും നേടി. 

അന്താരാഷ്‌ട്ര ടി20യില്‍ 89 മത്സരങ്ങളില്‍ 28 അര്‍ധ സെഞ്ചുറികള്‍ സഹിതം 52.65 ശരാശരിയില്‍ 3159 റണ്‍സും കോലിക്ക് സ്വന്തം. ഐപിഎല്‍ കരിയറില്‍ 199 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പടെ 37.98 ശരാശരിയില്‍ 6076 റണ്‍സും കോലി അടിച്ചുകൂട്ടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona