
ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ഗാലറിയിലെ ആരാധകരുടെ ഇടപെടൽ കൊണ്ട മത്സരം തടസപ്പെടുകയായിരുന്നു. എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല. ഹെൻറിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല.
ഇതിനിടെ കാണികളിൽ ഒരാൾ ലഖ്നൗ ഡഗ് ഔട്ടിലേക്ക് എന്തോ വലിച്ചെറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ലഖ്നൗ പരിശീലകൻ ആൻഡി ഫ്ലവറും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും താരങ്ങളും ഗ്രൗണ്ടിലേക്ക് വന്നു. ഓൺ ഫീൽഡ് അമ്പയർമാർ അടക്കം എത്തിയാണ് വിഷയം പരിഹരിച്ചത്. അപ്പോഴും എന്താണ് സംഭവിച്ചതെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പക്ഷേ, ഈ സമയം ഗാലറിയിൽ നിന്ന് കോലി...കോലി എന്ന ചാന്റുകൾ മുഴങ്ങുന്നുണ്ടായിരുന്നു.
കോലി - ഗംഭീർ ഉരസലാണ് തുടർച്ചയായി ഈ പ്രശ്നങ്ങളുടെയെല്ലാം ഒരു ഭാഗത്ത് വരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ ഗൗതം ഗംഭീർ നടന്നുവരുമ്പോഴും ആരാധകർ കോലിക്കായി ആരവം ഉയർത്തുന്നുണ്ടായിരുന്നു. അതേസമയം, നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മികച്ച സ്കോർ നേടാൻ സൺറൈസേഴ്സ് ഹൈദരാബാദിന് കഴിഞ്ഞു. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള പോരിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ഹൈദരാബാദ് കുറിച്ചത്. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി.