ഉദ്ഘാടനം സൂപ്പര്‍ ക്ലാസിക്കോയായി; മുംബൈയെ തകര്‍ത്ത് ചെന്നൈ പകരംവീട്ടി

By Web TeamFirst Published Sep 19, 2020, 11:23 PM IST
Highlights

അമ്പാട്ടി റാഡുയുവിന്‍റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അബുദാബി: ഐപിഎല്ലില്‍ കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്‍റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 

മുംബൈ ആക്രമിച്ചു, കുതറിമാറി റായുഡു!

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ‌്സിനെ തുടക്കത്തിലെ വിറപ്പിച്ചു മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് നിര. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് പവര്‍പ്ലേയില്‍ നേടാനായത് 37-2 എന്ന സ്‌കോര്‍ മാത്രം. ഓപ്പണര്‍മാരായ ഷെയ്‌ന്‍ വാട്‌സണ്‍(4), ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലും മുരളി വിജയ്(1) രണ്ടാം ഓവറില്‍ പാറ്റിന്‍സണും കീഴടങ്ങി. എന്നാല്‍ പിന്നീട് കത്തിക്കയറുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് കണ്ടത്. അമ്പാട്ടി റായുഡു-ഫാഫ് ഡുപ്ലസിസ് സഖ്യം 100 റണ്‍സ് കൂട്ടുകെട്ട് പണിതു. റാഡുയു 33 പന്തില്‍ അമ്പത് തികച്ചു. 

അടിവാങ്ങിക്കൂട്ടി ബുമ്ര വരെ!

അവസാന 30 പന്തില്‍ 49 റണ്‍സ് മാത്രമായി ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ വിജയലക്ഷ്യം. ക്രീസില്‍ നിലയുറപ്പിച്ച രണ്ട് താരങ്ങളായിരുന്നു ചെന്നൈയുടെ ആശ്വാസം. ഇതിനിടെ രാഹുല്‍ ചാഹറിന്‍റെ പന്തില്‍ റായുഡുവിനെ ഹര്‍ദിക് നിലത്തിടുകയും ചെയ്തു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ അമ്പാട്ടി റായുഡുവിനെ ചാഹര്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. റായുഡു 48 പന്തില്‍ 71 റണ്‍സ് നേടി. ജഡേജ 13 റണ്‍സുമായി നിരാശപ്പെടുത്തി. ക്രീസിലെത്തിയ സാം കറന്‍ 19-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായെങ്കിലും ആളിക്കത്തി.

ഓള്‍റൗണ്ട് ഡുപ്ലസി ഷോ

ബുമ്രയെയും ക്രുനാലിനെയും സിക്‌സര്‍ പറത്തിയ താരം ആറ് പന്തില്‍ 18 റണ്‍സെടുത്തു. ബുമ്രക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും പിന്നാലെ സിംഗിളും എടുത്ത് ഡുപ്ലസി അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണി എഡ്‌ജായി ഡികോക്കിന്‍റെ കൈകളിലെത്തി. ചെന്നൈ ആരാധകരുടെ ശ്വാസം ഒരുനിമിഷം നിലച്ചെങ്കിലും ഡിആര്‍എസ് വിധി ധോണിക്ക് അനുകൂലമായി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. ബോള്‍ട്ടിന്‍റെ അടുത്ത രണ്ട് പന്തുകള്‍ തന്നെ ഈ ലക്ഷ്യത്തിലേക്ക് ഡുപ്ലസിക്ക് ധാരളമായിരുന്നു. 

അടി, തിരിച്ചടി മുംബൈ ഇന്നിംഗ്‌സ്

ക്ലാസിക് പോരില്‍ മികച്ച തുടക്കം ലഭിച്ച മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളില്‍ വരിഞ്ഞുമുറുക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍. പവര്‍പ്ലേയില്‍ 51 റണ്‍സെടുത്തിരുന്ന മുംബൈയെ ചെന്നൈ 20 ഓവറില്‍ 162-9 എന്ന സ്‌കോറില്‍ ചുരുക്കി. 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. എങ്കിഡി മൂന്നും ജഡേജയും ചാഹറും രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് ക്യാച്ചുമായി ഡുപ്ലസി ഫീല്‍ഡില്‍ താരമായി. 

ചൗളയെ ഇറക്കി ധോണിയുടെ ട്വിസ്റ്റ്

കൊവിഡ് മുക്തനായെത്തിയ ദീപക് ചാഹറിന്‍റെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ചാണ് രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും തുടങ്ങിയത്. ബ്രേക്ക്‌ത്രൂവിനായി പേസര്‍മാര്‍ ബുദ്ധിമുട്ടിയതോടെ അഞ്ചാം ഓവറില്‍ സ്‌പിന്നര്‍ പീയുഷ് ചൗളയെ ധോണി വിളിച്ചു. കളിയിലെ ആദ്യ ട്വിസ്റ്റ്. നാലാം പന്തില്‍ രോഹിത് ശര്‍മ്മ സാം കറന്‍റെ കൈകളില്‍ അവസാനിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഡികോക്കിനെ വാട്‌സണിന്‍റെ കൈകളിലെത്തിച്ച് സാം കറന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. എങ്കിലും പവര്‍പ്ലേയില്‍ 50 കടക്കാന്‍ മുംബൈക്കായി. 

ജഡേജയുടെ തിരിച്ചടി, ഡുപ്ലസിയുടെ സാഹസികത

ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും സൗരഭ് തിവാരിയും അടി തുടരാന്‍ ശ്രമിച്ചെങ്കിലും നീണ്ടില്ല. 11-ാം ഓവറില്‍ സൂര്യകുമാറിനെ(17) ചാഹര്‍ മടക്കി. ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ നേരിട്ട ആദ്യ ഓവറില്‍ തന്നെ ജഡേജക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തി. ഇതോടെ മുംബൈ സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ 15-ാം ഓവറില്‍ ജഡേജ ഒന്നൊന്നര തിരിച്ചുവരവ് നടത്തി. ആദ്യ പന്തില്‍ തിവാരി(31 പന്തില്‍ 42) ഡുപ്ലസിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഡുപ്ലസി വീണ്ടും ബൗണ്ടറിയില്‍ സാഹസികനായതോടെ ഹര്‍ദികും(10 പന്തില്‍ 14) വീണു.

ലുങ്കി മടക്കിക്കുത്തി എങ്കിടിയുടെ തിരിച്ചുവരവ്

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 126 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നത്. മൂന്ന് റണ്‍സെടുത്ത ക്രുനാലിനെ 17-ാം ഓവറില്‍ എങ്കിഡി പറഞ്ഞയച്ചു. വീണ്ടും എറിയാനെത്തിയപ്പോള്‍ ആദ്യ പന്തില്‍ പൊള്ളാര്‍ഡ്(14 പന്തില്‍ 18) പുറത്ത്.  അഞ്ചാം പന്തില്‍ പാറ്റിന്‍സണും(11) മടങ്ങി. ദീപക് ചാഹറിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ട് ബൗള്‍ഡായി. ആദ്യ രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ശേഷമാണ് അവസാന രണ്ട് ഓവറില്‍ ഒന്‍പതിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ എങ്കിടി തിരിച്ചടിച്ചത്.  

click me!