അടിതെറ്റി, ചെന്നൈയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍

By Web TeamFirst Published Oct 19, 2020, 9:20 PM IST
Highlights

സാം കറനും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് തുടക്കമിട്ട ചെന്നൈ ഇന്നിംഗ്സ് തുടക്കം മുതല്‍ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോയത്.

ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍  ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോണിയുടെയും ജഡേജയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ധോണി 28 റണ്‍സെടുത്തു.

തൊട്ടതെല്ലാം പിഴച്ച് ചെന്നൈ

സാം കറനും ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് തുടക്കമിട്ട ചെന്നൈ ഇന്നിംഗ്സ് തുടക്കം മുതല്‍ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോയത്. ആര്‍ച്ചറെ കരുതലോടെ കളിച്ച ഇരവരും അങ്കിത് രജ്‌പുത്തിനെതിരെ അടിച്ചുകളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഡൂപ്ലെസിയെ(10) ബട്‌ലറുടെ കൈകളിലെത്തിച്ച് ആര്‍ച്ചര്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

വാട്സന്‍റെ ഫ്യൂസൂരി ത്യാഗി

യുവതാരാം കാര്‍ത്തിക് ത്യാഗിക്കെതിരെ രണ്ട് ബൗണ്ടറിയടിച്ച് വരവറിയിച്ച ഷെയ്ന്‍ വാട്സണെ തൊട്ടടുത്ത പന്തില്‍ രാഹുല്‍ തിവാട്ടിയയുടെ കൈകകളിലെത്തിച്ച് ത്യാഗി തിരിച്ചടിച്ചു. റായുഡുവും സാം കറനും പിടിച്ചു നിന്ന് സ്കോര്‍ 50 കടത്തി. സാം കറനെ(22) വീഴ്ത്തി ശ്രേയസ് ഗോപാല്‍ ചെന്നൈയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ അംബാട്ടി റായുഡുവിനെ(13) മടക്കി തിവാട്ടിയ ചെന്നൈയെ ബാക് ഫൂട്ടിലാക്കി.

രക്ഷാപ്രവര്‍ത്തനവുമായി ധോണിയും ജഡേജയും

56/4 ലേക്ക് തകര്‍ന്ന ചെന്നൈയെ കരകയറ്റാനുള്ള ദൗത്യം ജഡേജയും ധോണിയും ഏറ്റെടുത്തു. 50 റണ്‍സ് കൂട്ടുകെ്ടുയര്‍ത്തി ഇരുവരും  ചേര്‍ന്ന് ചെന്നൈയെ 100 കടത്തി. പതിനെട്ടാം ഓവറില്‍ ധോണി(28 പന്തില്‍ 28) റണ്ണൗട്ടായതോടെ വമ്പന്‍ സ്കോറെന്ന ചെന്നേ സ്വപ്നം പൊലിഞ്ഞു. 30 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയുടെ പോരാട്ടമാണ് ചെന്നൈയെ 125ല്‍ എത്തിച്ചത്. രാജസ്ഥാനായി ആര്‍ച്ചറും കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും രാഹുല്‍ തിവാട്ടിയയും ഓരോ വിക്കറ്റ് വീഴ്ത്തി.

click me!