ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി പേസര്‍മാര്‍; ഡല്‍ഹിക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Nov 2, 2020, 9:10 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് (50) ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റില്‍സിന് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് (50) ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. അബുദാബിയിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ എബി ഡിവില്ലിയേഴ്‌സ് (35), വിരാട് കോലി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജോഷ് ഫിലിപ്പെ (12), ക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉഡാന (4)എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (1), ഷഹബാസ് നദീം (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ജെ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ദേവ്ദത്ത്- കോലി സഖ്യം നേടിയ 40 റണ്‍സാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്. 41 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. 

തുടര്‍ച്ചയായി നാല് കളി തോറ്റാണ് ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും മുട്ടുകുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരാജയ പരമ്പര അബുദാബിയില്‍ അവസാനിപ്പിക്കുന്ന ടീമിന് ക്വാളിഫയറില്‍ മുംബൈയെ നേരിടാന്‍ അവസരം.

തോല്‍ക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ നാളത്തെ മത്സരം തീരും വരെ കൂട്ടിയും കിഴിച്ചും ഇരിക്കാം. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പൊടുന്നനേ പതുങ്ങിപ്പോയതാണ് കാപ്പിറ്റല്‍സിന്റെ പ്രശ്‌നം. കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞു.

click me!