ബോള്‍ട്ട് തുടക്കമിട്ടു, ഡല്‍ഹിയുടെ മുന്‍നിര തകര്‍ന്നു; ഐപിഎല്‍ ഫൈനലില്‍ മുംബൈക്ക് മോഹിപ്പിക്കുന്ന തുടക്കം

By Web TeamFirst Published Nov 10, 2020, 8:06 PM IST
Highlights

ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മാര്‍കസ് സ്റ്റോയിനിസിനെ മടക്കിയയച്ചാണ് മുംബൈ തുടങ്ങിയത്. പിന്നാലെ അജിന്‍ക്യ രഹാനെ (2)യും പവലിയനില്‍ തിരിച്ചെത്തി.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം വിക്കറ്റോടെ. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മാര്‍കസ് സ്റ്റോയിനിസിനെ മടക്കിയയച്ചാണ് മുംബൈ തുടങ്ങിയത്. പിന്നാലെ അജിന്‍ക്യ രഹാനെ (2)യും പവലിയനില്‍ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനായിരുന്നു രണ്ട് വിക്കറ്റുകളും. ഓപ്പണര്‍ ശിഖര്‍ ധവാനാവട്ടെ (15) നാലാം ഓവറിലും മടങ്ങി. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 46 എന്ന നിലയിലാണ്.

ഋഷഭ് പന്ത് (10), ശ്രേയസ് അയ്യര്‍ (19) എന്നിവരാണ് ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി മടങ്ങി. ആദ്യ പന്ത് മുതല്‍ മത്സരം മുംബൈക്ക് അനുകൂലമാകുന്നതാണ് കണ്ടത്. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. നാല് പന്ത് മാത്രമായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്റെ ആയുസ്. ബോള്‍ട്ടിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഗ്ലാന്‍സ് ചെയ്യാനുള്ള ശ്രമത്തില്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. 

അടുത്ത ഓവറില്‍ ധവാനും കൂടാരം കയറി. രോഹിത്തിന്റെ ബൗളിങ് മാറ്റം ഫലം കാണുകയായിരുന്നു. നാലാം ഓവര്‍ എറിയാനെത്തിയ ജനന്ത് യാദവിന്റെ പന്തില്‍ താരം വിക്കറ്റ് തെറിച്ച് മടങ്ങി. നേരത്തെ ഇടങ്കയ്യന്‍മാര്‍ കൂടുതല്‍ ഉള്ളതിനാലാണ് രാഹുല്‍ ചാഹറിന് പകരം ജയന്തിനെ ഉള്‍പ്പെടുത്തിയതെന്ന് രോഹിത്് പറഞ്ഞിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ജയന്തിന്റെ ബൗളിങ്. 

ആദ്യ ഐപിഎല്‍ കിരീടം തേടിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ട ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്. മുംബൈ ചാഹറിന് പകരം ജയന്തിനെ കൊണ്ടുവന്നു. 

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, മാര്‍കസ് സ്റ്റോയിനിസ്, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, പ്രവീണ്‍ ദുബെ.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൗള്‍ട്ടര്‍നൈല്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.

click me!