ദിനേശ് കാര്‍ത്തിക്കിന് പകരം മറ്റൊരു താരം കൊല്‍ക്കത്ത നായകനാവണം; പേരുമായി ശ്രീശാന്ത്

By Web TeamFirst Published Oct 4, 2020, 12:20 PM IST
Highlights

ദിനേശ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തം. പകരക്കാരനെ നിര്‍ദേശിച്ച് ശ്രീശാന്ത്. 
 

ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കാര്‍ത്തിക്കിന് പകരം ഇംഗ്ലീഷ് താരം ഓയിന്‍ മോര്‍ഗനെ നായകനാക്കണമെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിന് കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. 

മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് തോന്നുന്നത്. ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ ഐപിഎല്‍ ടീമിനെയും നയിക്കണം. കെകെആര്‍ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യും എന്നാണ് പ്രതീക്ഷ. രോഹിത് ശര്‍മ്മയെയും എം എസ് ധോണിയെയും വിരാട് കോലിയെയും പോലെ മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ് കൊല്‍ക്കത്തയ്‌ക്ക് നായകനായി ആവശ്യമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 18 റണ്‍സിന്‍റെ തോല്‍വി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴങ്ങിയതോടെയാണ് കാര്‍ത്തിക്കിന് എതിരായ വികാരം ശക്തമായത്. ഓപ്പണിംഗില്‍ സുനില്‍ നരെയ്‌ന്‍ വീണ്ടും പരാജയപ്പെട്ടപ്പോള്‍ മോര്‍ഗനെ തഴഞ്ഞ് നേരത്തെ ബാറ്റിംഗിന് ഇറങ്ങി കാര്‍ത്തിക് നാണംകെടുകയും ചെയ്തു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ രണ്ടക്കം കാണാന്‍ ക്യാപ്റ്റനായില്ല. 

അതേസമയം ആറാമനായി ഇറങ്ങിയിട്ടും മികച്ച പ്രകടനാണ് മോര്‍ഗന്‍ പുറത്തെടുത്തത്. മോര്‍ഗന്‍ ക്രീസിലെത്തുമ്പോള്‍ 43 പന്തില്‍ 112 റണ്‍സെടുക്കണമായിരുന്നു കൊല്‍ക്കത്തയ്‌ക്ക്. എട്ടാമനായി എത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം മോര്‍ഗന്‍ 78 റണ്‍സ് ചേര്‍ത്തു. 18 പന്തില്‍ 44 റണ്‍സെടുത്ത മോര്‍ഗന്‍ 18-ാം ഓവറില്‍ പുറത്താകും വരെ കൊല്‍ക്കത്തയ്‌ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. വാലറ്റത്ത് ത്രിപാഠി 16 പന്തില്‍ 36 റണ്‍സെടുത്തു. ത്രിപാഠിയുടെ ബാറ്റിംഗ്‌ക്രമവും കാര്‍ത്തിക്കിന് തെറ്റിയെന്നാണ് വിമര്‍ശനം. 

സ്വയം നേരത്തെയിറങ്ങി, ത്രിപാഠി വാലറ്റത്തും; ഡികെയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആരാധകര്‍

Powered by

click me!