കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍ക്കാതിരിക്കണം; ജയത്തോടെ പിന്‍വാങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

By Web TeamFirst Published Nov 1, 2020, 12:04 PM IST
Highlights

അബുദാബിയില്‍ വൈകിട്ട് 3.30നാണ് മത്സരം. അബുദാബിയില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ പഞ്ചാബിനായിട്ടില്ല. 13 മത്സരങ്ങളില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. 

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഇനി അതിനിര്‍ണായക മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇന്ന് പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. അബുദാബിയില്‍ വൈകിട്ട് 3.30നാണ് മത്സരം. അബുദാബിയില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ പഞ്ചാബിനായിട്ടില്ല. 13 മത്സരങ്ങളില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. 

ഇന്ന് ജയിച്ചാല്‍ 14 പോയിന്റോടെ അവര്‍ക്ക് ആദ്യ നാലിലെത്താം. എന്നാല്‍ വരും മത്സരങ്ങളില്‍ മറ്റു ടീമുകളുെട മത്സരഫലം കൂടി പരിശോധിച്ച് മാത്രമെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. ഇരുവരും നേരത്തെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. 

നായകന്‍ കെ എല്‍ രാഹുല്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും വേഗമില്ലാത്തതാണ് പഞ്ചാബിനെ കുഴക്കുന്ന പ്രധാന പ്രശ്‌നം. പരിക്കിന്റെ പിടിയിലായ മായങ്ക് അഗര്‍വാള്‍ ടീമിലെത്തുമോയെന്ന് ഉറപ്പില്ല. ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ഏക ആശ്വാസം. 

പഞ്ചാബിന്റെ വഴിമുടക്കി മാനം കാക്കാനാകും ധോണിപ്പടയുടെ ശ്രമം. 13 കളിയില്‍ 200 റണ്‍സ് മാത്രം നേടിയ ധോണി ആദ്യമായി ഒരു അര്‍ധ സെഞ്ചുറി പോലുമിില്ലാതെ സീസണ്‍ അവസാനിപ്പിക്കുമോയെന്ന ആശങ്കയിലാകും ചെന്നൈ ആരാധകര്‍. പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ശേഷം യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് ചെന്നൈ കളിച്ചിരുന്നത്. ക്യാംപിലുള്ള മലയാളി താരം കെ എം ആസിഫിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

സാധ്യത ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഋതുരാജ് ഗെയ്കവാദ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, എം എസ് ധോണി, എന്‍ ജഗദീഷന്‍, സാം കറന്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, കരണ്‍ ശര്‍മ/ഷാര്‍ദുള്‍ താക്കൂര്‍, ദീപക് ചാഹര്‍, ലുംഗി എന്‍ഗിഡി. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മന്‍ദീപ് സിംഗ്, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, എം അശ്വിന്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

click me!