
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വിരാട് കോലി. 190 മത്സരങ്ങളില്‍ നിന്ന് 5843 റണ്‍സ് കോലിയുടെ അക്കൗണ്ടിലുണ്ട്. ഇതില്‍ അഞ്ച് സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഈ സീസണില്‍ ഇതുവരെ 431 റണ്‍സാണ് കോലി നേടിയത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് റണ്‍സിന് ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങി.
സന്ദീപ് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. സന്ദീപിന്റെ ഔട്ട് സ്വിങ്ങറില്‍ കവര്‍ ഡ്രൈവ് ശ്രമത്തില്‍ കോലി ഷോര്‍ട്ട് കവറില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി. ഇതില്‍ രസകരമായ മറ്റൊരു വസ്തുതകൂടിയുണ്ട്. സന്ദീപിനെതിരെ കോലിയുടെ മോശം റെക്കോഡ് തന്നെയാണത്. ഐപിഎല്‍ ചരിത്രത്തില്‍ മിക്കപ്പോഴും കോലി സന്ദീപിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. ഏഴാം തവണയാണ് കോലി സന്ദീപിന് മുന്നില്‍ മുട്ടുകടക്കുന്നത്. അതും 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍. ഐപിഎല്ലില്‍ ഒന്നാകെ 68 റണ്‍സ് മാത്രമാണ് കോലിക്ക് സന്ദീപിനെതിരെ നേടാന്‍ സാധിച്ചത്.
ഐപിഎല്ലില്‍ ഇതിന് മുമ്പ് ഒരു ബാറ്റ്‌സ്മാന്‍ മാത്രമാണ് ഏഴ് തവണ ഒരേ ബൗളര്‍ക്ക് തന്നെ വിക്കറ്റ് നല്‍കി മടങ്ങിയത്. സഹീര്‍ ഖാന്‍ മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി ഏഴ് തവണ കീഴടങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് വേണ്ടി സഹീര്‍ കളിച്ചിട്ടുണ്ട്.
കോലിയെ കൂടാതെ ദേവ്ദത്ത് പട്ടിക്കലിനേയും സന്ദീപാണ് പുറത്താക്കിയത്. ഇതോടെ മറ്റൊരു നാഴികക്കല്ല് കൂടി താരം പിന്നിട്ടു. ഐപിഎല്‍ പവര്‍പ്ലേയില്‍ 50 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി സന്ദീപ്. ഇക്കാര്യത്തിലും സഹീര്‍ ഖാന്‍ തന്നെയാണ് സന്ദീപിന് മുന്നില്‍. 52 വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്. എന്നാല്‍ സന്ദീപിന് സഹീറിനെ മറികടക്കാനുള്ള അവസരമുണ്ട്. വരും മത്സരങ്ങളില്‍ വിക്കറ്റ് നേടിയാല്‍ സന്ദീപിന് സഹീറിനെ മറികടക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!