ഗെയ്‌ലിനൊപ്പം! സ്റ്റംപിനടിച്ച് കയറിപ്പോകാന്‍ പറഞ്ഞവരുടെ കരണത്തടിച്ച് തിവാട്ടിയക്ക് ചരിത്ര നേട്ടം

By Web TeamFirst Published Sep 28, 2020, 11:35 AM IST
Highlights

ഐപിഎല്ലില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് ശേഷം അപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ രാഹുല്‍ തിവാട്ടിയ

ഷാര്‍ജ: ഐപിഎല്ലിലെ ഷാര്‍ജ കൊടുങ്കാറ്റില്‍ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി രാജസ്ഥാന്‍ റോയല്‍സിന്‍റെ രാഹുല്‍ തിവാട്ടിയ. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ 18-ാം ഓവറില്‍ അഞ്ച് സിക്‌സ് സഹിതമാണ് തിവാട്ടിയ 30 റണ്‍സ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സുകള്‍ മുമ്പ് നേടിയത് ഗെയ്‌ല്‍ മാത്രമാണ്. 2012ല്‍ പുണെ വാരിയേഴ്‌സിന്‍റെ രാഹുല്‍ ശര്‍മ്മക്കെതിരെയാണ് ആര്‍സിബിക്കായി ഗെയ്‌ല്‍ അഞ്ച് സിക്‌സ് ഗാലറിയിലെത്തിച്ചത്. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പതുക്കെ തുടങ്ങിയതിന് ഏറെ വിമര്‍ശനം കേട്ട ശേഷമായിരുന്നു രാഹുല്‍ തിവാട്ടിയ കത്തിക്കയറിയത്. നേരിട്ട 19 പന്തിൽ എട്ട് റൺസ് മാത്രമായിരുന്നു ഇന്നിംഗ്‌സിന്‍റെ ആദ്യ പകുതിയില്‍ സമ്പാദ്യം. ബൗണ്ടറികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന 12 പന്തില്‍ ഏഴ് സിക്‌സുകള്‍ സഹിതം താരം 45 റണ്‍സെടുത്തു. 6.0.2.1.6.6.6.6.0.6.6.W എന്നിങ്ങനെയായിരുന്നു റണ്‍കയറ്റം. 

അളിയാ...നന്ദിയുണ്ട്, തിവാട്ടിയയോട് യുവി; ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ക്രിക്കറ്റ് ആരാധകര്‍

സഞ്ജുവിന്‍റെയും(42 പന്തില്‍ 85) തിവാട്ടിയയുടേയും(31 പന്തില്‍ 53) അവിശ്വസനീയ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം അടിച്ചെടുത്തു. 223 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നത്. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ അര്‍ധ സെഞ്ചുറിയും(50) തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov). സഞ്ജുവാണ് കളിയിലെ താരം. മായങ്ക് അഗര്‍വാളിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി(106) പഞ്ചാബിന് ഗുണം ചെയ്‌തില്ല. 

Powered By

 

click me!