Latest Videos

ഷാര്‍ജയില്‍ സഞ്ജുവും രാജസ്ഥാനും ഇന്നിറങ്ങുന്നു; എതിരാളികള്‍ ഡല്‍ഹി കാപിറ്റല്‍സ്

By Web TeamFirst Published Oct 9, 2020, 3:01 PM IST
Highlights

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഷാര്‍ജയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ചരിത്രമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. സഞ്ജു സാംസണും, സ്റ്റീവന്‍ സ്മിത്തും ഫോമായും ഇവിടെതന്നെ. 

ഷാര്‍ജ: ഐപിഎല്ലില്‍ സഞ്ജു സാംസണിന് ഇന്ന് സീസണിലെ ആറാം മത്സരം. ഡല്‍ഹി കാപിറ്റല്‍സണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഷാര്‍ജയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ചരിത്രമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. സഞ്ജു സാംസണും, സ്റ്റീവന്‍ സ്മിത്തും ഫോമായും ഇവിടെതന്നെ. 

രണ്ട് മത്സരങ്ങളിലും ടീം 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മൂന്ന് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു ടീമിന്റേത്. ഷാര്‍ജയിലേക്കുള്ള തിരിച്ചുവരവ് റോയല്‍സിനും സഞ്ജു സാംസണും വിജയവഴിയിലേക്കുള്ള മടക്കം കൂടിയാകുമോ എന്നതാണ് അറിയേണ്ടത്. ജോസ് ബട്‌ലര്‍, സഞ്ജു, സ്മിത്ത് എന്നിവരിലൊരാള്‍ 15 ഓവറെങ്കിലും ക്രീസിലുണ്ടെങ്കില്‍ മാത്രമേ റോയല്‍സ് സ്‌കോര്‍ ബോര്‍ഡിന് അനക്കം വയ്ക്കൂ. ബൗളിംഗില്‍ ജോഫ്രാ ആര്‍ച്ചറുടെ നാല് ഓവര്‍ കഴിഞ്ഞാല്‍ എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ ആളില്ലാത്തതും പ്രശ്‌നമാണ്. 

മറുവശത്ത് യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെയും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെയും മികവില്‍ മുന്നേറുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവരെയൊക്കെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ്. ശ്രേയസ് അയ്യറിനും പൃഥ്വി ഷായ്ക്കും പുറമേ ഋഷഭ് പന്തും ഫോമിലാണ്. സഞ്ജുവിന്റെ പ്രധാന എതിരാളിയാണ് പന്തെന്നും ഓര്‍ക്കണം. 

ബൗളിംഗില്‍ പര്‍പ്പിള്‍ ക്യാപ്പിനുടമായ കഗിസോ റബാഡയുടെ സാന്നിധ്യവും മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവും നല്‍കുന്ന മേല്‍ക്കൈ വേറെ. മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുളള അവസരം മുന്നിലുള്ളതും പോണ്ടിംഗിന്റെ പടയാളികളെ അപകടകാരികളാക്കും.

click me!