രണ്ടാം സ്ഥാനക്കാരായി ഡല്‍ഹി പ്ലേഓഫിന്, തോറ്റിട്ടും ബാംഗ്ലൂര്‍; ശേഷിക്കുന്ന സ്ഥാനം ആര്‍ക്കെന്ന് നാളെ അറിയാം

By Web TeamFirst Published Nov 2, 2020, 11:14 PM IST
Highlights

 നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്ലേഓഫ് കടക്കാം. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ നാലിലെത്തും.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു പ്ലേഓഫ് ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും മികച്ച റണ്‍റേറ്റ് ഇരുടീമുകള്‍ക്കും തുണയായി. നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്ലേഓഫ് കടക്കാം. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ നാലിലെത്തും.

ബാംഗ്ലൂരിനെതിരെ 134 റണ്‍സ് നേടിയാല്‍ പോലും ഡല്‍ഹിക്ക് റണ്‍റേറ്റ് കുറായാതെ കാക്കാമായിരുന്നു. 17ാം ഓവറില്‍ അവര്‍ 134 കടന്നു. ബാംഗ്ലൂരിനാവട്ടെ ഡല്‍ഹിയുടെ ഇന്നിങ്‌സ് 17.3 ഓവറിനപ്പുറത്തേക്ക് കൊണ്ടുപോയാല്‍ ആദ്യ നാലില്‍ തന്നെ തുടരാനുള്ള അവസരമുണ്ടായിരുന്നു. തോറ്റെങ്കിലും ബാംഗ്ലൂര്‍ ആ കടമ്പ കടന്നു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ അജിന്‍ക്യ രഹാനെ (46 പന്തില്‍ 60), ശിഖര്‍ ധവാന്‍ (41 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിജയത്തിലേക്ക് നയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്നാം വിക്കറ്റില്‍ ധവാന്‍- രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് വിജയത്തില്‍ നിര്‍ണായകമായത്. ഋഷഭ് പന്ത് (8), മാര്‍ക്‌സ് സ്റ്റോയിനിസ് (10) എന്നിവര്‍ പുറത്താവാതെ നിന്നു. പൃഥ്വി ഷാ (9), ശ്രേയസ് അയ്യര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹബാസ് അഹമ്മദ് ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എബി ഡിവില്ലിയേഴ്‌സ് (35), വിരാട് കോലി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജോഷ് ഫിലിപ്പെ (12), ക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉഡാന (4)എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (1), ഷഹബാസ് നദീം (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ജെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

കഗിസോ റബാദ രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ദേവ്ദത്ത്- കോലി സഖ്യം നേടിയ 40 റണ്‍സാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്. 41 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്.

click me!