എബിഡിയുടെ കൊട്ടിക്കലാശം; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Oct 17, 2020, 7:36 PM IST
Highlights

ടോസ് നേടി ബാറ്റിംഗിന് ഇറങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 22 പന്തില്‍ 55 റണ്‍സുമായി പുറത്താവാതെ നിന്ന എബി ഡിവില്ലിയേഴ്‌ലസാണ് ബാംഗ്ലൂരിന്റെ ഹീറോ. ടോസ് നേടി ബാറ്റിംഗിന് ഇറങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 

19ാം ഓവര്‍ എറിയാനെത്തിയ ജയ്‌ദേവ് ഉനദ്ഖട്ടിനെ കണക്കിന് ശിക്ഷിച്ചാണ് എബി ഡിവില്ലിയേഴ്്‌സ് വിജയം എളുപ്പമാക്കിയത്. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ 25 റണ്‍സാണ് ഉനദ്ഖട് വിട്ടുകൊടുത്തത്. ഇതില്‍ ആദ്യ മൂന്ന് പന്തും ഡിവിയില്ലിയേഴ്‌സ് സിക്‌സ് പറത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ആദ്യ മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടാന്‍ ഡിവില്ലിയേഴ്്‌സ് - ഗുര്‍കീരത് സിംഗ് സഖ്യത്തിനായി. നാലാം പന്തില്‍ സിക്‌സ് നേടി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനെ വിജത്തിലേക്ക് നയിച്ചു. മത്സരം ജയിക്കുമ്പോള്‍ ഗുര്‍കീരത് (17 പന്തില്‍ 19) അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. 

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി (32 പന്തില്‍ 43), ദേവ്ദത്ത് പടിക്കല്‍ (37 പന്തില്‍ 35) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആരോണ്‍ ഫിഞ്ചാണ് (11 പന്തില്‍ 14) പുറത്തായ മറ്റൊരുതാരം. ശ്രേയാസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തിവാട്ടിയ എന്നിവര്‍ രാജസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ സ്റ്റീവന്‍ സ്മിത്ത് (36 പന്തില്‍ 57), റോബിന്‍ ഉത്തപ്പ (22 പന്തില്‍ 41) എന്നിവരുടെ ഇന്നിങ്‌സാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബെന്‍ സ്‌റ്റോക്‌സ് (11), സഞ്ജു സാംസണ്‍ (9), ജോസ് ബട്‌ലര്‍ (24), ജോഫ്ര ആര്‍ച്ചര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ തിവാട്ടിയ (11 പന്തില്‍ 19) പുറത്താവാതെ നിന്നു. ക്രിസ് മോറിസ് ബാം്ഗ്ലൂരിനായി നാല് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹലിന് രണ്ട് വിക്കറ്റുണ്ട്.

click me!