ശരവേഗത്തിലൊരു റെക്കോഡ്; വാര്‍ണറും കോലിയും രോഹിത്തും ഇനി ഡിവില്ലിയേഴ്‌സിന് പിറകില്‍

By Web TeamFirst Published Apr 27, 2021, 11:56 PM IST
Highlights

ഐപിഎല്ലില്‍ വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഡിവില്ലിയേഴസ്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലാണ് ഡിവില്ലിയേഴ്‌സിനെ തേടി റെക്കോഡെത്തിയത്.

അഹമ്മദാബാദ്: വെറ്ററന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പോരാട്ടമാണ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 42 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു 37കാരന്റെ ഇന്നിങ്‌സ്. ഇതോടെ ഐപിഎല്ലില്‍ ഒരു റെക്കോഡ് ദക്ഷിണാഫ്രിക്കന്‍ താരം സ്വന്തം പേരിലാക്കി. 

ഐപിഎല്ലില്‍ വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഡിവില്ലിയേഴസ്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലാണ് ഡിവില്ലിയേഴ്‌സിനെ തേടി റെക്കോഡെത്തിയത്. 3288 പന്തുകളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 5000 പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ഡിവില്ലിയേഴ്‌സ് മറികടന്നത്. 3554 പന്തിലായിരുന്നു വാര്‍ണര്‍ 5000 ക്ലബിലെത്തിയിരുന്നത്. 

ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയാണ് മൂന്നാമത്. 3620 പന്തില്‍ നിന്ന് റെയ്‌ന നേട്ടം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. 3817 പന്തുകള്‍ വേണ്ടി വന്നു രോഹിത്തിന് 5000 ക്ലബിലെത്താന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമതുണ്ട്. രോഹിത് നേരിട്ടതിനേക്കാളും പത്ത് പന്തുകള്‍ ഏറെ വേണ്ടിവന്നു കോലിക്ക് 5000ത്തിലെത്താന്‍. 

ഐപിഎല്ലില്‍ വാര്‍ണര്‍ക്ക് ശേഷം 5000 ക്ലബിലെത്തുന്ന ഓവര്‍സീസ് താരവും ഡിവില്ലിയേഴ്‌സ് തന്നെ. തന്റെ 161-ാം ഇന്നിങ്‌സിലാണ് ഡിവില്ലേയഴ്‌സ് നേട്ടം സ്വന്തമാാക്കിയത്. വാര്‍ണര്‍ക്ക് 135 ഇന്നിങ്‌സ് മാത്രമാണ് വേണ്ടി വന്നിരുന്നത്. കോലി 157 ഇന്നിങ്‌സില്‍ 5000 നേടി. ഇന്നിങ്‌സുകളുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് ഡിവില്ലിയേ്‌സ്്. 2011ല്‍ ബാംഗ്ലൂരിനൊപ്പം ചേര്‍ന്ന ഡിവില്ലിയേഴ്‌സ് ഐപിഎല്‍ ഒന്നാകെ 5053 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 671 റണ്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സി (ഡല്‍ഹി കാപിറ്റല്‍സ്)നൊപ്പമായിരുന്നു.

click me!