ഇന്ത്യന്‍ ടീമിലെത്തിയതോടെ അവര്‍ സ്വസ്ഥരായി, മുംബൈ താരങ്ങളുടെ ഫോം നഷ്ടത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍

By Web TeamFirst Published Oct 5, 2021, 5:39 PM IST
Highlights

എന്നാല്‍ ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്‍റെ രണ്ടാം പകുതിയില്‍ ഇരുവരും തീര്‍ത്തും നിറം മങ്ങി. 3, 5, 8, 0,33 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ സൂര്യകുമാറിന്‍റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ 11, 14, 9 എന്നിങ്ങനെ സ്കോര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇഷാന്‍ കിഷന്‍ മുംബൈയുടെ അന്തിമ ഇലവനില്‍ നിന്നുപോലും പുറത്താവുകയും ചെയ്തു.

ദുബായ്: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഐപിഎല്ലിന്‍റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന മുുംബൈ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് മുംബൈയെ രണ്ടാം പകുതിയില്‍ ചതിച്ചത്.

ഇതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) മുതല്‍ ഹര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) വരെയുണ്ട്. കഴിഞ്ഞ സീസണില്‍ മുംബൈയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സൂര്യകുമാര്‍ യാദവും(Suryakumar Yadav) ഇഷാന്‍ കിഷനുമായിരുന്നു(Ishan Kishan). ഇതോടെ രണ്ടും പേരും ഇന്ത്യന്‍ ടീമിലുമെത്തി. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലും രണ്ടു താരങ്ങളും ഇടം നേടി.

എന്നാല്‍ ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്‍റെ രണ്ടാം പകുതിയില്‍ ഇരുവരും തീര്‍ത്തും നിറം മങ്ങി. 3, 5, 8, 0,33 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ സൂര്യകുമാറിന്‍റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ 11, 14, 9 എന്നിങ്ങനെ സ്കോര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇഷാന്‍ കിഷന്‍ മുംബൈയുടെ അന്തിമ ഇലവനില്‍ നിന്നുപോലും പുറത്താവുകയും ചെയ്തു.

ഈ  സാഹചര്യത്തില്‍ ഇരുവരുടെയും ഫോം നഷ്ടത്തിന് പിന്നിലെ കാരണം തുറന്നു പറയുകയാണ്മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്കര്‍. ഇന്ത്യന്‍ ടീമിലെത്തിയതോടെ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും സ്വസ്ഥരായി എന്ന് ഗവാസ്കര്‍ പറഞ്ഞു. അതുകൊണ്ടാണ് അവരിപ്പോള്‍ ഫോം ഔട്ടായതെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇന്ത്യന്‍ ടീമിലെത്തിയതോടെ അവര്‍ രണ്ടുപേരും സ്വസ്ഥരായി എന്നാണ് എനിക്ക് തോന്നുന്നത്. അവരത് ചെയ്യാന്‍ പാടില്ലായിരുന്നു. അവര്‍ കളിക്കുന്ന ചില ഷോട്ടുകള്‍ കണ്ടാല്‍ ഇന്ത്യന്‍ താരങ്ങളായതുകൊണ്ട് അത്തരം ഷോട്ടുകള്‍ കളിക്കുന്നു എന്നാണ്. ചിലപ്പോള്‍ ക്രീസില്‍ അല്‍പ്പം സമയം ചെലവഴിക്കേണ്ടിവരും. ഷോട്ട് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരും. എന്നാല്‍ ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ് അവര്‍ കുറഞ്ഞ സ്കോറില്‍ പുറത്താവുന്നത്.

ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിയാത്തത് മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് തന്നെ വലിയ തിരിച്ചടിയാണെന്നും ഗവാസ്കര്‍ പറഞ്ഞു. കാരണം ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് പാണ്ഡ്യയെ ടീമിലെടുത്തത്. ആറാമതോ ഏഴാമതോ ഇറങ്ങുന്ന ആള്‍ പന്തെറിയുന്നില്ലെങ്കില്‍ ക്യാപ്റ്റന് ടീം സന്തുലനം ഉറപ്പാക്കാനാവില്ലെന്നും അത് ക്യാപ്റ്റന് വലിയ ബുദ്ധിമുട്ടാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!