മെല്ലെപ്പോക്കില്‍ ക്രൂശിക്കണോ ധോണിയെ; ആകാശ് ചോപ്ര പറയുന്നത് കേള്‍ക്കുക

By Web TeamFirst Published Oct 5, 2021, 2:38 PM IST
Highlights

മെല്ലെപ്പോക്കിലും കൂറ്റന്‍ ഷോട്ടുകളില്‍ നിന്ന് മാറിനില്‍ക്കുന്നതിലും എം എസ് ധോണി വിമര്‍ശനം നേരിടുമ്പോള്‍ തന്‍റെ നിലപാട് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ബാറ്റര്‍ എന്ന നിലയില്‍ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകന്‍ എം എസ് ധോണി(MS Dhoni) കാഴ്‌ചവെക്കുന്നത്. സീസണില്‍ 9 ഇന്നിംഗ്‌സില്‍ 84 റണ്‍സ് മാത്രമേ ധോണിക്കുള്ളൂ. ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) എതിരായ അവസാന മത്സരത്തിലും ധോണിയുടെ ബാറ്റ് വേണ്ടത്ര വേഗം കൈവരിച്ചില്ല. ഒരു ബൗണ്ടറി പോലും നേടാനാകാതെ പോയ താരം 27 പന്തില്‍ 18 റണ്‍സേ നേടിയുള്ളൂ. 

മെല്ലെപ്പോക്കിലും കൂറ്റന്‍ ഷോട്ടുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിലും എം എസ് ധോണി വിമര്‍ശനം നേരിടുമ്പോള്‍ തന്‍റെ നിലപാട് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. പ്രതാപകാലത്ത് ധോണിയുടെ ബാറ്റില്‍ കണ്ട പ്രകടനം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് അനീതിയാണ് എന്നാണ് ചോപ്രയുടെ പ്രതികരണം.  

ഐപിഎല്‍: ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

'ടീം ഇഴഞ്ഞുനീങ്ങുമ്പോഴാണ് ധോണി ബാറ്റിംഗിന് ക്രീസിലെത്തിയത്. 2011, 2015 അല്ലെങ്കിൽ 2017ലെ പോലെ ധോണി ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ധോണി നന്നായി പന്ത് സ്‌ട്രൈക്ക് ചെയ്യുന്നില്ല. ഡല്‍ഹിക്കെതിരെ സ്‌ട്രൈക്ക് റേറ്റ് 66 മാത്രമായിരുന്നു. ഇത് നല്ല സ്‌ട്രൈക്ക് റേറ്റാണ് എന്ന് പറയുമെങ്കില്‍ അമ്പാട്ടി റായുഡുവും അതേ വേഗതയില്‍ സ്‌കോര്‍ ചെയ്‌താല്‍ മതിയായിരുന്നു. എന്നാല്‍ റായുഡു ഒരിക്കല്‍ കൂടി മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കുകയും ടീമിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിക്കുകയും ചെയ്തു. എന്നാലത് വിജയ സാധ്യതയുള്ള സ്‌കോറായിരുന്നില്ല'. 

'ഷര്‍ദുല്‍ ഠാക്കൂര്‍ വന്നാണ് മത്സരത്തില്‍ പോരാട്ടമുണ്ടാക്കിയത്. ലോര്‍ഡ് ഷര്‍ദുലിനെ നിങ്ങള്‍ക്കൊരിക്കലും ഒഴിവാക്കാനാവില്ല, ഒരിക്കല്‍ കൂടി മത്സരം അദേഹം ആവേശമാക്കി. എന്നാല്‍ അവസാന ഓവറില്‍ ഡ്വെയ്‌ന്‍ ബ്രാവോ വൈഡുകള്‍ എറിഞ്ഞു. ഒരു ക്യാച്ച് പാഴാവുകയും ഒരു പന്ത് പിച്ചിന് പുറത്ത് പതിക്കുകയും ചെയ്തു. ഇതാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ദുബായില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 136 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. ഇതോടെ സീസണിലെ പത്താം ജയവുമായി ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. അക്‌സര്‍ പട്ടേലാണ് കളിയിലെ മികച്ച താരം.

ടോസിനുശേഷം ധോണി-പന്ത് ബ്രൊമാന്‍സ്, ഏറ്റെടുത്ത് ആരാധകര്‍


 

click me!