Latest Videos

ഐപിഎല്‍: യുഎഇയിലേക്കില്ലാത്ത വിദേശ താരങ്ങള്‍ക്ക്' സാലറി കട്ട്'- റിപ്പോര്‍ട്ട്

By Web TeamFirst Published Jun 3, 2021, 8:53 AM IST
Highlights

ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ. വിദേശതാരങ്ങളുടെ സേവനം പൂർണതോതിൽ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

മുംബൈ: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാത്ത വിദേശ താരങ്ങളുടെ വേതനം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി ബിസിസിഐ. പാതി വേതനം മാത്രം നല്‍കാനാണ് ആലോചനയെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.

ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ. വിദേശതാരങ്ങളുടെ സേവനം പൂർണതോതിൽ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. താരങ്ങൾക്ക് വിശ്രമം നൽകിയാലും ടി20 ലോകകപ്പിനും ആഷസിനും മുൻപ് ഐപിഎല്ലിന് അയക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഏതാണ്ട് ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. 

കരീബിയന്‍ ആശങ്ക

ഐപിഎല്ലിന്‍റെ അതേസമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നതും പ്രതിസന്ധിയാണ്. ആന്ദ്രേ റസൽ, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെറ്റ്മയർ, സുനിൽ നരെയ്ൻ, ജേസൺ ഹോൾഡർ, നിക്കോളാസ് പുരാൻ, ഡ്വെയിൻ ബ്രാവോ എന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന വിൻഡീസ് താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി, ആന്‍‌റിച്ച് നോര്‍ജെ, ഇമ്രാൻ താഹീർ, ക്രിസ് മോറിസ് തുടങ്ങിയവരും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കീബ് അൽ ഹസനും ഇരു ലീഗുകളിലും കളിക്കുന്നുണ്ട്. 

ഇതോടെയാണ് ടൂർണമെന്‍റിനെത്താത്ത വിദേശ താരങ്ങളുടെ വേതനം കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വെട്ടിക്കുറയ്‌ക്കാൻ ബിസിസിഐ ഒരുങ്ങുന്നത്. താരങ്ങൾക്ക് മൂന്നും നാലും ഗഡു ആയാണ് ബിസിസിഐ ഒരു വർഷം കൊണ്ട് സീസണിലെ മുഴുവൻ തുകയും നൽകാറ്. പരിക്കേറ്റ് പോവേണ്ടി വന്നലോ, ബിസിസിഐയ്‌ക്ക് ടൂർണമെന്‍റ് എന്തെങ്കിലും കാരണം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നാൽ പോലും താരങ്ങൾക്ക് മുഴുവൻ പ്രതിഫലവും കിട്ടും. 

ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസം

എന്നാൽ താരങ്ങൾ മനപൂർവം വിട്ട് നിന്നാൽ കളിച്ച മത്സരങ്ങളുടെ പ്രതിഫലം മാത്രമേ കിട്ടൂ. ഈ വ്യവസ്ഥയാണ് ബിസിസിഐ ഉപയോഗിക്കുക. ഇത്തവണ കൊൽക്കത്തയുടെ ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസിന് 15.5 കോടിയാണ് കിട്ടേണ്ടത്. കളിക്കാനെത്തിയില്ലെങ്കിൽ ഇത് 7.75 കോടിയാവും. ബെൻ സ്റ്റോക്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാർണർ അടക്കം താരങ്ങളെ വേതനം വെട്ടിക്കുറയ്‌ക്കൽ ബാധിക്കാം. 

എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ കളിച്ചില്ലെങ്കിലും പ്രതിഫലം ഉറപ്പാണ്. 

നാല് ഫ്രാഞ്ചൈസികളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിനാണ് ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചത്. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് ബിസിസിഐയുടെ പദ്ധതി. ഐപിഎല്ലിന്‍റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബിസിസിഐ പ്രതിനിധികള്‍ ദുബൈയില്‍ എത്തിയിരുന്നു. 

അസ്വസ്ഥമാക്കുന്നതായിരുന്നു ഇന്ത്യയിലെ കാഴ്ച്ചകള്‍; കൊവിഡ് ഭീതി വിവരിച്ച് ഡേവിഡ് വാര്‍ണര്‍

താരങ്ങളെ വിട്ടുതരില്ല; ഐപിഎല്ലിന് ഒരുങ്ങുന്ന സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി

ബിസിസിഐ സംഘം ദുബൈയില്‍; ഐപിഎല്ലിന് കാണികളെ അനുവദിച്ചേക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!